കുപ്രചാരണം ആസൂത്രിതം: മന്ത്രി കെ രാജൻ
മുണ്ടക്കൈ ടൗൺഷിപ് ; അടിത്തറയ്ക്ക് ഭിത്തിയോളം ഉയരം

മുണ്ടക്കൈ ടൗൺഷിപ്പിലെ വീടിന്റെ തറ കോൺക്രീറ്റ് ഫൂട്ടിങ് കെട്ടി കമ്പി ഉയർത്തിയ നിലയിൽ
കൽപ്പറ്റ
മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിലെ വീടിനുള്ള തുകയിൽ 25 ശതമാനം വിനിയോഗിക്കുന്നത് അടിത്തറ നിർമാണത്തിന്. വീടിന്റെ തറയെവിടെയെന്ന് ചോദിക്കുന്നവർക്ക് ടൗൺഷിപ്പിൽ വന്നാൽ കാണാം മൂന്നും അതിനുമുകളിലും നില നിർമിക്കാൻ കഴിയുന്ന അടിത്തറ. വീടുകളുടെ ഭിത്തിയുടെ ഉയരംതന്നെ അടിത്തറയായി താഴോട്ടുമുണ്ട്. പ്രകൃതിദുരന്തങ്ങളെ അതിജീവിക്കാനാകുംവിധമാണ് നിർമാണം. മണ്ണ് പരിശോധിച്ച് 1.5 മീറ്റർമുതൽ രണ്ടര മീറ്റർവരെ കുഴിയെടുത്ത് നാലുപാളികളിലായി കോൺക്രീറ്റ് ഫൂട്ടിങ് കെട്ടിയാണ് ഫൗണ്ടേഷൻ. മണ്ണ് പരിശോധനയിൽ കൂടുതൽ ആഴം ആവശ്യമുള്ള സ്ഥലങ്ങളിൽ താഴ്‌ച വർധിപ്പിക്കും. 90 സെന്റീമീറ്റർ വീതിയും 20 സെന്റീമീറ്റർ കനവുമുള്ള ഒമ്പത് പില്ലറുകളാണ് ഓരോ വീടിനും. പ്ലിന്ത് ബീമിന് 20 സെന്റീമീറ്റർ വീതിയും 60 സെന്റീമീറ്റർവരെ കനവുമുണ്ട്.
പ്രളയവും ഭൂകമ്പവും വീട് പ്രതിരോധിക്കും. നേരിട്ട് ചുവരുകൾ കെട്ടിപ്പൊക്കുന്നതിനുപകരം ഫ്രെയ്മ്ഡ് സ്‌ട്രക്‌ച്ചർ നിർമാണരീതിയാണ്. കോൺക്രീറ്റ് ഫ്രെയിം ഉയർത്തി തൂണുകൾക്കിടയിൽ ‘ഫ്ലൈ ആഷ് കട്ട’ ഉപയോഗിച്ചാണ് ചുവരുകെട്ട്. കോൺക്രീറ്റ് മിശ്രിതത്തിന്റെ കരുത്ത് ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയാണ് വാർപ്പിനും പില്ലറിനുമെല്ലാം ഉപയോഗിക്കുന്നത്.
കാലാവസ്ഥയ്‌ക്ക് അനുയോജ്യമായ വാതിലുകളും ജനലുകളുമാണ്. ഓരോ വീടിനും ഏഴ് വാതിലും 12 ജനലുമുണ്ട്. കോൺക്രീറ്റ് ഫ്രെയ്മിലെ പൊടിപടലങ്ങൾ നീക്കി ചിതൽ പ്രതിരോധത്തിനുള്ള പെയിന്റ് അടിച്ചശേഷമാണ് കട്ടകെട്ട്. വീടിന്റെ അകത്തെ നിലം വിട്രിഫൈഡ് ടൈലും സിറ്റൗട്ടിൽ ഗ്രാനൈറ്റുമാണ്. ഏഴര സെന്റിമീറ്റർ കനത്തിൽ കോൺക്രീറ്റ് ചെയ്‌താണ് ടൈൽ വിരിക്കുന്നത്. ടാക്സ് ഉൾപ്പെടെ 26,95,000 രൂപയാണ് വീടൊന്നിന് കണക്കാക്കുന്നത്. ഇതിൽ ഏറ്റക്കുറച്ചിലുകളുണ്ടാകും. ചുറ്റുമതിലും മുറ്റം ഇന്റർലോക്കും ഉൾപ്പെടും.
അഞ്ചുവർഷം വാറന്റി
വീട് ഗുണഭോക്താവിന് കൈമാറുന്നത് അഞ്ചുവർഷ വാറന്റിയോടെ. നിർമാണത്തിലെ അപാകംകൊണ്ട് തകരാർ സംഭവിച്ചാൽ കരാർ കമ്പനിയായ ഉാരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി പരിഹരിക്കും.
പൊതുമരാമത്ത് പണികൾക്ക് അഞ്ചുവർഷവും ഇലക്ട്രിക് പ്രവൃത്തികൾക്ക് മൂന്നുവർഷവുമാണ് വാറന്റി. കരാറിൽ സർക്കാർ വാറന്റി നിബന്ധന ഉൾപ്പെടുത്തിയിട്ടുണ്ട്. വാതിൽ, ജനൽ, ബാത്ത്റൂം ഫിറ്റിങ്സുകൾ എന്നിവക്ക് 20 വർഷംവരെ കമ്പനി വാറന്റി ലഭിക്കും.
കുപ്രചാരണം ആസൂത്രിതം: മന്ത്രി കെ രാജൻ
മുണ്ടക്കൈ ടൗൺഷിപ്പിലെ മാതൃകാവീടിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തുന്ന കള്ളപ്രചാരണം ആസൂത്രിതമാണെന്ന് മന്ത്രി കെ രാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വീടുകൾക്ക് ഉപയോഗിച്ചത് ഉയർന്ന നിലവാരമുള്ള സാമഗ്രികളാണ്. മാതൃകവീടിന് എല്ലാ കോണുകളിൽനിന്നും പ്രശംസ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഡിഎസ്‌ആർ 2021 മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള സാങ്കേതിക എസ്റ്റിമേറ്റിൽ ഒരു വീടിന് ജിഎസ്ടി ഒഴികെ 31.5 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കിയത്.
എന്നാൽ, ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയ കരാർ ഒരുവീടിന് 22 ലക്ഷം എന്ന നിരക്കിലാണ്. സാങ്കേതിക എസ്റ്റിമേറ്റിൽനിന്ന് 30 ശതമാനം കുറവിലാണ് കരാർ ഏറ്റെടുത്തത്. ടൗൺഷിപ്പിൽ 410 റെസിഡൻഷ്യൽ യൂണിറ്റുണ്ട്. ഭൂകമ്പത്തെ പ്രതിരോധിക്കുന്നതാണ് വീടിന്റെ ഘടന. വീടുകൾ ഡിസംബർ 31നകം പൂർത്തിയാകും. വസ്തുതയറിഞ്ഞിട്ടും വി ടി ബൽറാം നടത്തിയ നുണപ്രചാരണം പൊതുപ്രവർത്തകന് ചേർന്നതല്ലെന്നും മന്ത്രി പറഞ്ഞു.









0 comments