ലീഗിന്റെ മുണ്ടക്കൈ ഭൂമി തട്ടിപ്പ്: ‘ഗ്രീൻ പൊളിടിക്സി’ലും പൊട്ടിത്തെറി


സ്വന്തം ലേഖകൻ
Published on Aug 07, 2025, 08:46 AM | 1 min read
കൽപ്പറ്റ: മുണ്ടക്കെെ ദുരിതബാധിതരെ പുനരധിവസിപ്പിക്കാൻ തോട്ടഭൂമി വാങ്ങിയതിൽ മുസ്ലിംലീഗിൽ കലാപം പടരുന്നു. ഭൂമി സംബന്ധിച്ച് നേതാക്കൾ നടത്തിയ നുണപ്രചാരണം പൊളിഞ്ഞതോടെ പ്രവർത്തകരിൽ പ്രതിഷേധം കനത്തു. ജില്ലാ നേതാക്കൾ ഉൾപ്പെട്ട ‘ഗ്രീൻ പൊളിടിക്സ്’ വാട്സ്ആപ് ഗ്രൂപ്പിൽ അണികളുടെ ചോദ്യശരങ്ങളാണ്. ജില്ലാ കമ്മിറ്റിയോ പ്രധാന ഭാരവാഹികളോ അറിയാതെ ജില്ലാ ജനറൽ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം നേതാക്കൾ രഹസ്യമായാണ് ഭൂമിയിടപാട് നടത്തിയതെന്നാണ് ആക്ഷേപം.
തോട്ടഭൂമിയാണ് ഏറ്റെടുക്കാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ തന്നെ നിയമപ്രശ്നം പലരും അറിയിച്ചിരുന്നു. ഇതെല്ലാം റിയൽ എസ്റ്റേറ്റ് താൽപ്പര്യമാണെന്ന് പറഞ്ഞ് അപഹസിക്കുകയായിരുന്നു നേതൃത്വം. സെന്റിന് പരമാവധി 15,000–50,000 രൂപ വിലയുള്ള ഭൂമിയാണ് സംസ്ഥാന നേതാവിന്റെ ബന്ധുവിൽനിന്ന് സെന്റിന് 1.22 ലക്ഷം രൂപവരെ മുടക്കിവാങ്ങിയത്. നിയമതടസ്സമില്ലെന്ന നിലപാട് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുൾപ്പെടെയുള്ള നേതാക്കൾ ആവർത്തിച്ചു. സ്ഥലം വിറ്റവർ തന്നെ തോട്ടഭൂമിയാണെന്ന് സ്ഥിരീകരിച്ചതോടെ നേതാക്കൾക്ക് മിണ്ടാട്ടമില്ല. പൊതുജനങ്ങളെയും ദുരിതബാധിതരെയും പാർടി പ്രവർത്തകരെയും കബളിപ്പിച്ചതായാണ് ആരോപണം.
ഒരു നേതാവ് ഭൂമിയിടപാടിൽ കമീഷൻ പറ്റിയതായ ആക്ഷേപം ഉയർന്നു. ‘ഉടമകൾ തോട്ടഭൂമിയാണ് വിറ്റതെന്ന് മൊഴികൊടുത്ത സ്ഥിതിക്ക്, തോട്ടഭൂമി എന്തിന് ഇത്ര വില കൊടുത്തുവാങ്ങിയെന്നതിന് നേതൃത്വം മറുപടി പറയേണ്ടിവരും’ എന്നാണ് വാട്സ്ആപ് ഗ്രൂപ്പിൽ പനമരത്തെ യൂത്ത് ലീഗ് നേതാവിന്റെ താക്കീത്. ഇതിനെ അനുകൂലിച്ച് നിരവധി പേരെത്തി. അടിയന്തരമായി ലീഗ് പ്രവർത്തകസമിതി യോഗം വിളിക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു. ദുരന്തബാധിതരുടെ പുനരധിവാസത്തിന് 40 കോടി രൂപയോളമാണ് ജനങ്ങളിൽനിന്ന് ലീഗ് സമാഹരിച്ചത്. 12 കോടിയിലധികം സ്ഥലത്തിനായി ചെലവഴിച്ചുവെന്നാണ് നേതൃത്വം പറയുന്നത്.









0 comments