സന്തോഷക്കാഴ്ചയായി വീട് ; മുണ്ടക്കൈ ദുരന്തത്തിന്റെ ഒന്നാംവർഷത്തിൽ ഒത്തുചേർന്ന് ദുരിതബാധിതർ

മാതൃകാ വീടിന്റെ മുന്നിൽനിന്ന് മന്ത്രി കെ രാജൻ ഗുണഭോക്താക്കളോടൊപ്പം സെൽഫിയെടുക്കുന്നു. മന്ത്രി ഒ ആർ കേളു സമീപം / ഫോട്ടോ: ബിനുരാജ്

അജ്‌നാസ് അഹമ്മദ്
Published on Jul 31, 2025, 01:49 AM | 1 min read
കൽപ്പറ്റ
‘ഞാനൊന്ന് കെട്ടിപ്പിടിച്ചോട്ടെ’–-ഉരുൾ അതിജീവിതർക്കായി കൽപ്പറ്റയിൽ ഒരുക്കിയ മാതൃകാവീട്ടിൽ മന്ത്രിമാരായ ഒ ആർ കേളുവിനെയും കെ രാജനെയും കണ്ട മാത്രയിൽ മുണ്ടക്കൈയിലെ കാക്കത്തോട് സുൽത്താൻ ചോദിച്ചു. ‘ഇട്ട വസ്‌ത്രംമാത്രമായി ചൂരൽമലയിറങ്ങിയവരാ ഞങ്ങൾ. ചേർത്തുപിടിക്കുമെന്ന് സർക്കാർ വാക്കുപറഞ്ഞെങ്കിലും ഇത്രയും നല്ല വീട് പ്രതീക്ഷിച്ചില്ല. കണ്ടു, മനസ്സുനിറഞ്ഞു, നന്ദിയുണ്ട്’– മറുപടിക്ക് കാത്തുനിൽക്കാതെ സുൽത്താൻ മന്ത്രിമാരെ ഇരുവരെയും വാരിപ്പുണർന്നു. മുണ്ടക്കൈ വാർഷികദിനത്തിൽ അനുസ്‌മരണത്തിനെത്തിയതാണ് മന്ത്രിമാർ.
‘വേഗത്തിൽ പുനരധിവാസം പൂർത്തിയാക്കും. സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്’–- മന്ത്രിമാർ പറഞ്ഞതുകേട്ട് ചൂരൽമല സ്‌കൂൾ റോഡിലെ രമണിയും സ്‌മിതയും ശ്രീലതയും അരികിലെത്തി. ‘എല്ലാം കണ്ടു. വാട്‌സാപ്പിൽ പ്രചരിക്കുന്നതെല്ലാം നുണയാണെന്ന് മനസ്സിലായി’–- സത്യം തിരിച്ചറിഞ്ഞതിന്റെ സന്തോഷം ഇരുവർക്കും.
‘‘വീടിന് കുഴിയെടുത്ത് അടിത്തറയൊരുക്കിയതു മുതൽ എല്ലാം നേരിട്ടുകാണുന്നുണ്ട്. വലിയ കെട്ടിടങ്ങളുടെ അടിത്തറയുണ്ടാക്കുന്നതുപോലെതന്നെ’’–- ഗുണഭോക്താക്കളായ സ്‌മിതയുടെയും ശ്രീലതയുടെയും വാക്കുകൾ.
‘‘എന്റെ ആയുസ്സിൽ നിർമിക്കാൻ കഴിയാത്ത വീടാണ് സർക്കാർ നൽകുന്നത്. സ്വന്തമായി വീടില്ലാതിരുന്ന, പാടിയിലുള്ളവർക്കും ഇവിടെ വീടുണ്ട്’’– ചൂരൽമലയിലെ വിജയകുമാർ പറഞ്ഞു. അവരുമായി വിശേഷങ്ങൾ പങ്കുവച്ച്, ഗുണഭോക്താക്കളൊന്നിച്ച് സെൽഫിയും എടുത്താണ് മന്ത്രിമാർ മടങ്ങിയത്. പുത്തുമലയിലെ സർവമത പ്രാർഥനയും അനുസ്‌മരണവും കഴിഞ്ഞ് ഗുണഭോക്തൃ കുടുംബങ്ങളാകെ മാതൃകാവീട് കാണാൻ കൽപ്പറ്റയിലേക്ക് ഒഴുകി. സന്ദർശനം രാത്രി വൈകിയും നീണ്ടു.
ടൗൺഷിപ്പിലേക്ക് 100 വീടിനുള്ള തുക കൈമാറിയ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും മാതൃകാ വീട് കാണാനെത്തി.









0 comments