മുണ്ടക്കൈ ചൂരല്‍മല 
ദുരന്തത്തിന്റെ ഒന്നാം ആണ്ടിലും 
ഡിവൈഎഫ്‌ഐയുടെ 
സാരഥികൾ 
ആശ്വാസവുമായെത്തി

ഉപ്പതൻ 
നെഞ്ചിലൊരുമ്മ ; സനോജിനും വസീഫിനുമൊപ്പം പൂക്കളുമായി നൈസ

Mundakkai Chooralmala Tragedy naisa
avatar
ആദർശ്‌ ജോസഫ്‌

Published on Jul 31, 2025, 02:30 AM | 1 min read


പുത്തുമല

ഉപ്പയ്‌ക്ക്‌ പൂവ്‌ കൊടുക്കണ്ടേയെന്ന്‌ ചോദിച്ചപ്പോൾ സനോജിന്റെ കൈയിൽനിന്നവൾ താഴേക്കിറങ്ങി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയുടെ കൈയിലുണ്ടായിരുന്ന ബൊക്ക അവൾ കല്ലറയ്‌ക്കുമുകളിൽ വച്ചു. പൂക്കളെ തലോടി, കല്ലറയിൽ ഉപ്പയുടെ നെഞ്ചിൽ ഉമ്മവച്ചു. ഉരുൾദുരന്തത്തിൽ മരിച്ച പാണക്കാടൻ ഷാജഹാന്റെ മകൾ മൂന്നുവയസ്സുകാരി നൈസ ചുറ്റുംനിന്നവരുടെ കണ്ണുനനയിച്ചു. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫും ചേർന്നുനിന്നു.


ബുധൻ പകൽ പതിനൊന്നോടെയാണ്‌ നൈസ ഉമ്മ ജസീലയ്‌ക്കും ബന്ധുക്കൾക്കും ഒപ്പം പുത്തുമലയിലെ "ജൂലൈ 30–- ഹൃദയഭൂമി'യിലേക്ക്‌ എത്തിയത്‌.

ഷാജഹാന്റെ കുഴിമാടത്തിനരികിൽ സനോജിനെയും വസീഫിനെയുംകണ്ട്‌ അരികിലേക്കെത്തി. വിളിച്ചയുടൻ സനോജിന്റെ കൈയിലേക്ക്‌ ചാടിക്കയറി. അരികിൽനിന്ന വസീഫിന്റെ പോക്കറ്റിലായി പിന്നെ കുറുമ്പ്‌. ബൊക്കയിലെ പൂക്കൾ നുള്ളിയെടുത്തു. കുഴിമാടത്തിൽ പൂക്കൾവച്ച്‌ ഉപ്പയ്‌ക്ക്‌ ഉമ്മയും നൽകി ഉമ്മ ജസീലയുടെ അരികിലേക്ക്‌.


ദുരന്തത്തിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായിരുന്നു ഡിവൈഎഫ്‌ഐ. സേനകൾക്കൊപ്പം തിരച്ചിൽ നടത്തി. രക്ഷാപ്രവർത്തനത്തിനും അതിജീവനപ്രവർത്തനങ്ങൾക്കുമായി മാസങ്ങൾ ചെലവിട്ടു. അതിജീവിതർക്ക്‌ കൽപ്പറ്റയിൽ ഒരുങ്ങുന്ന ടൗൺഷിപ്പിലേക്ക്‌ നൂറുവീടിനായി 20 കോടി രൂപ കൈമാറി. ദുരന്തത്തിന്റെ ഒന്നാം ആണ്ടിലും ഡിവൈഎഫ്‌ഐയുടെ സാരഥികൾ ആശ്വാസവുമായെത്തി. വയനാട്‌ ജില്ലാ സെക്രട്ടറി കെ എ ഫ്രാൻസിസും പ്രസിഡന്റ്‌ കെ ആർ ജിതിനും ഒപ്പമുണ്ടായിരുന്നു.


നൈസ ചികിത്സയിലിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി കെട്ടിപ്പിടിച്ച്‌ ഫോട്ടോ ഷൂട്ട്‌ നടത്തിയിരുന്നു. നെല്ലിമുണ്ടയിൽ സർക്കാർ നൽകിയ വാടകവീട്ടിലാണ്‌ നൈസയും ഉമ്മയും ഇപ്പോൾ താമസം.




deshabhimani section

Related News

View More
0 comments
Sort by

Home