ദുരന്തനിവാരണനിധി: ഒരുരൂപപോലും വകമാറ്റില്ല
കണ്ണീരിന്‍ ഉരുളൊഴുകി ; വേദനകൾ ഓർമകളായി ഒലിച്ചിറങ്ങി

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ ഒന്നാംവാര്‍ഷികത്തില്‍ പുത്തുമല ഹൃദയഭൂമിയിലെ കല്ലറകളിൽ പൂക്കൾ അർപ്പിക്കുന്ന ബന്ധുക്കളും നാട്ടുകാരും ഫോട്ടോ: ബിനുരാജ്
വി ജെ വർഗീസ്
Published on Jul 31, 2025, 03:00 AM | 2 min read
പുത്തുമല
പ്രിയപ്പെട്ടവരുടെ പ്രാണൻ അലിഞ്ഞിറങ്ങിയ മണ്ണിൽ അവർ നിന്നു. പുഞ്ചിരിമട്ടം ഉള്ളുപൊട്ടിയൊഴുകി വന്നതിനേക്കാൾ ആഴത്തിൽ വേദനകൾ ഓർമകളായി ഒലിച്ചിറങ്ങി. പുത്തുമലയിലെ കുഴിമാടങ്ങൾക്ക് മുകളിൽ നിറയെ ചെണ്ടുമല്ലിപ്പൂവിതളുകൾ. അവിടെ പടർന്ന ചന്ദനത്തിരികളിലൂടെ, വിതുമ്പലുകൾ ആകാശത്ത് പടർന്നു. ഓരോ മൺകൂനകൾക്കരികിലും ഹൃദയം നുറുങ്ങിയ പ്രാർഥനകളുമായി അവർ ഉരുകിവീണു. പുഞ്ചിരിമട്ടം പൊട്ടിയൊഴുകി ജീവൻ പൊലിഞ്ഞവരുടെ ഓർമകളുടെ ഒരാണ്ട്. കുഴിമാടങ്ങളിൽ കണ്ണീർ നനവ്.
വ്യാഴം പുലർന്നതുമുതൽ മേപ്പാടിയിലെ വഴികൾ പുത്തുമലയിലെ ‘ഹൃദയഭൂമി’യിലേക്കായിരുന്നു. ഉരുൾ ഒഴുക്കികൊണ്ടുപോയവർ ഉറങ്ങുന്ന മണ്ണിലെത്തി നിറമിഴികളോടെനിന്നു. രക്ഷിതാക്കൾ നഷ്ടപ്പെട്ട മക്കൾ, മക്കൾ ഇല്ലാതായ രക്ഷിതാക്കൾ... വിദൂരങ്ങളിൽനിന്നുപോലും ആളുകളെത്തി.

മകന്റെ കുഴിമാടത്തിനരികിലിരുന്ന് കരയുന്ന അമ്മ പാപ്പാത്തി. ഭര്‍ത്താവ് പളനിച്ചാമിക്കൊപ്പമാണ് ഇവരെത്തിയത്
പേരറിയാത്ത, ദേശമറിയാത്ത ഒരുപാടുപേർ ചേർന്നാണ് ദുരന്തത്തിൽ മരിച്ചവരെ ഇവിടെ ഒരുമയുടെ ആറടി മണ്ണിൽ ഇറക്കിവച്ചത്. അന്ത്യചുംബനം നൽകേണ്ടവർ അരികിലില്ലാതെ, പ്രിയപ്പെട്ടവരുടെ യാത്രാമൊഴിക്ക് കാത്തുനിൽക്കാതെ മടങ്ങിയവർ. ഡിഎൻഎ പരിശോധനയിലൂടെയാണ് ഉറ്റവരെ പിന്നീട് തിരിച്ചറിഞ്ഞത്.
മൃതദേഹങ്ങൾ സംസ്‌കരിക്കാൻ ഒന്നിച്ചുകിടത്തിയ ഇടത്ത് മറ്റൊരുപന്തലുയർന്നു. മനുഷ്യരായി മാത്രം മണ്ണിലേക്ക് മടങ്ങിയവർക്കായി സർവമത പ്രാർഥന വീണ്ടും മുഴങ്ങി. ദുരന്തത്തിൽ പൊലിഞ്ഞവർക്കുള്ള സംസ്ഥാന സർക്കാരിന്റെ ആദരവായി പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകി. മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു, പി എ മുഹമ്മദ് റിയാസ് എന്നിവരുമെത്തി. ഉരുളെടുത്ത 298 പേരുടെ ഫോട്ടോകൾക്കുമുമ്പിൽ സ്ഥാപിച്ച സ്‌മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. കുഴിമാടങ്ങൾക്കരികിലെത്തി വിതുമ്പിനിന്നവരുടെ കൈപിടിച്ചു. കല്ലറകളിൽ പൂക്കൾ വിതറി.

മുണ്ടക്കൈ ചൂരൽമല അനുസ്മരണത്തിൽ പുത്തുമല പൊതു ശ്മശാനത്തിൽനിന്ന്
പുന്നപ്പുഴയിൽ ഒഴുകിയവരെ കോരിച്ചൊരിയുന്ന മഴയിലായിരുന്നു ഇവിടെ കൊണ്ടുവന്നത്. ഓർമകളുടെ ഒന്നാമാണ്ടിൽ മഴമാറിനിന്നു. ഉച്ചയോടെ മേപ്പാടിയിലെ എംഎസ്‌എ ഓഡിറ്റോറിയത്തിലെ അനുസ്‌മരണ സമ്മേളനത്തിലേക്ക് മന്ത്രിമാരുൾപ്പെടെ നീങ്ങി. ശ്‌മശാനത്തിലെത്തിയവരെ കെഎസ്‌ആർടിസിയുടെ പ്രത്യേക ബസിൽ ഓഡിറ്റോറിത്തിലേക്ക് കൊണ്ടുവന്നു. തിങ്ങിനിറഞ്ഞ ജനാവലി വിട്ടകന്നവർക്ക് വൈകാരിക ആദരവേകി. ദുരന്തസ്‌മരണകളും അതിജീവന വഴികളും മന്ത്രിമാരും മറ്റു ജനപ്രതിനിധികളും ഓർത്തെടുത്തു. പിന്നീട് യാത്ര അതിജീവനത്തിന്റെ മഹാമാതൃകയായ കൽപ്പറ്റയിലെ ടൗൺഷിപ്പിലേക്ക്. ഉയിർപ്പിന്റെ ‘മാതൃകാ വീട്’ കണ്ട് ജീവിത പ്രതീക്ഷകളിലേക്ക്.
ദുരന്തനിവാരണനിധി: ഒരുരൂപപോലും വകമാറ്റില്ല
മുണ്ടക്കൈ ദുരന്തബാധിതർക്കായി സംസ്ഥാന ദുരന്ത നിവാരണനിധിയിൽ ലഭിച്ച തുകയിൽനിന്ന് ഒരുരൂപപോലും വകമാറ്റി ചെലവഴിക്കില്ലെന്ന് മന്ത്രിമാരായ കെ രാജനും ഒ ആർ കേളുവും വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുരിതബാധിതർക്ക് മാത്രം അവകാശപ്പെട്ടതാണിത്. തുക ഒന്നിച്ചല്ല വിനിയോഗിക്കുക. ഓരോ ഘട്ടത്തിലും ആവശ്യമായത് ഉപയോഗിക്കും. ഫണ്ട് വിനിയോഗം സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാകും. ദിവസം 300 രൂപ വീതമുള്ള ജീവനോപാധി ലഭിച്ചിരുന്നവരിൽ അർഹതയുള്ള ആരെങ്കിലും ഒഴിവായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് (ഡിഡിഎംഎ) അപേക്ഷ നൽകിയാൽ ഉടൻ തീരുമാനമുണ്ടാകും.

മുണ്ടക്കൈ ചൂരൽമല അനുസ്മരണത്തിൽ മന്ത്രിമാരായ കെ രാജൻ, ഒ ആർ കേളു,പി എ മുഹമ്മദ് റിയാസ് എന്നിവർ പുത്തുമല പൊതു ശ്മശാനത്തിലെ കല്ലറകളിൽ പൂക്കൾ അർപ്പിക്കുന്നു. ടി സിദ്ധിഖ് എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി കെ റഫീഖ്, സി എം ശിവരാമന്‍ എന്നിവർ സമീപം
ടൗൺഷിപ്പിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന കൂടുതൽ അപേക്ഷകളിൽ ഹിയറിങ് കഴിഞ്ഞു. ഡിഡിഎംഎ വിദഗ്‌ധസമിതിയെ നിയോഗിച്ച് സ്ഥലപരിശോധന നടത്തും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയെടുക്കും. ദുരന്തത്തിൽ ചൂരൽമലയിലെ വ്യാപാരികൾക്കുണ്ടായ നഷ്ടത്തിന്റെ കണക്ക് ജില്ലാഭരണസംവിധാനവും സാങ്കേതിക വിദഗ്ധരും ഉൾപ്പെട്ട സമിതി തിട്ടപ്പെടുത്തും.
ഡിസംബർ 31ന്‌മുമ്പ് ടൗൺഷിപ്പിൽ മുഴുവൻ വീടുകളും പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി നൽകാൻ സാധിക്കുമെന്നാണ് കരുതുന്നത്. പുനരധിവാസം വൈകിയിട്ടില്ല. 2024 ഒക്ടോബർ നാലിന് സർക്കാർ എൽസ്റ്റണിലെ ഭൂമി ഏറ്റെടുത്തെങ്കിലും ഉടമകൾ കോടതിയെ സമീപിച്ചതിനാൽ ഈ വർഷം ഏപ്രിൽ 13ന് മാത്രമാണ് നിർമാണം തുടങ്ങാനായത്. മൂന്നര മാസംകൊണ്ടാണ് മാതൃകാ വീട് പൂർത്തിയായത്. ദുരന്തമുണ്ടായപ്പോൾ കേന്ദ്രസർക്കാർ ശത്രുതാപരമായ നിലപാടാണ് സ്വീകരിച്ചത്. ഒരിക്കലും പൊറുക്കാൻ കഴിയാത്തതാണിതെന്നും മന്ത്രിമാർ പറഞ്ഞു.









0 comments