സർക്കാരിന് നന്ദിയറിയിച്ച് മുനമ്പം സമരസമിതി; മുഖ്യമന്ത്രി വിളിച്ച യോഗം നാളെ

കൊച്ചി: മുനമ്പം വിഷയത്തിൽ ഭൂവുടമകൾക്ക് അനുകൂലമായ ഹൈക്കോടതിവിധിക്ക് നടപടികൾ സ്വീകരിച്ച സംസ്ഥാന സർക്കാരിനും നിയമമന്ത്രി പി രാജീവിനും നന്ദിയറിയിച്ച് മുനമ്പം സമരസമിതി. കളമശേരിയിൽ പി രാജീവിന്റെ എംഎൽഎ ഓഫീസിൽ എത്തിയാണ് സമരസമിതി ഭാരവാഹികൾ നന്ദി അറിയിച്ചത്. സർക്കാർ ഇതുവരെ സ്വീകരിച്ച നടപടികളിൽ പൂർണ തൃപ്തിയുണ്ടെന്ന് ഫാ. ആന്റണി സേവ്യർ തറയിലിന്റെ നേതൃത്വത്തിൽ മന്ത്രിയെ കണ്ട സംഘം അറിയിച്ചു.
മുനമ്പം പ്രശ്നപരിഹാരത്തിന് കമീഷനെ നിയോഗിക്കുകയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോകുകയും ചെയ്തതുകൊണ്ടാണ് ശാശ്വത പരിഹാരത്തിന് വഴിയൊരുക്കുന്ന കോടതി ഉത്തരവുണ്ടായത് എന്ന സന്തോഷം സമരസമിതി അറിയിച്ചതായി മന്ത്രി പി രാജീവ് പറഞ്ഞു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കമീഷൻ ശുപാർശകൾ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുന്നതിനെക്കുറിച്ച് തിങ്കളാഴ്‌ച മുഖ്യമന്ത്രി വിളിച്ചിട്ടുള്ള യോഗം ചർച്ച ചെയ്യും.
മുനമ്പം വിഷയത്തിൽ ശാശ്വതപരിഹാരത്തിനാണ് ജസ്‌റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമീഷനെ നിയോഗിച്ചത്. കമീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. കമീഷനെ നിയോഗിക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ കമീഷൻ പ്രവർത്തനം തുടരാമെന്ന് നേരത്തേ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കമീഷന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും കഴിഞ്ഞദിവസം ഹൈക്കോടതി വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്‌പ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിട്ടുള്ളതെന്നും പി രാജീവ് പറഞ്ഞു.









0 comments