മുനമ്പത്തെ താമസക്കാരെ സംരക്ഷിക്കണം ; കമീഷൻ റിപ്പോർട്ട് സമർപ്പിച്ചു

തിരുവനന്തപുരം
മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കാതെ സംരക്ഷിക്കണമെന്ന ശുപാർശയോടെ ജുഡീഷ്യൽ കമീഷൻ ജസ്റ്റിസ് സി എൻ രാമചന്ദ്രൻനായർ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് ബുധനാഴ്‌ച റിപ്പോർട്ട് കൈമാറിയത്. തുടർനടപടി സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭ പരിഗണിച്ചശേഷം, ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതിയോടെ കമീഷൻ റിപ്പോർട്ടിൽ നടപടികളിലേക്ക് സർക്കാർ കടക്കും. താമസക്കാരെ കുടിയൊഴിപ്പിക്കാതെ, നിയമപരമായ അവകാശങ്ങളോടെ തുടരാനുളള ശാശ്വത പരിഹാരം ശുപാർശ ചെയ്യാനാണ് സർക്കാർ കമീഷനെ നിയോഗിച്ചത്. നിയമ, സമവായ ശ്രമങ്ങളിലൂടെ പരിഹരിക്കാനാകാതെവന്നാൽ സർക്കാരിന് ഭൂമി പിടിച്ചെടുക്കാൻ അധികാരമുണ്ടെന്ന് കമീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
മുനമ്പത്ത് 404.76 ഏക്കറാണ് വഖഫായി രജിസ്റ്റർ ചെയ്തത്. ഇതിൽ 231 ഏക്കർ കടലെടുത്തു. ശേഷിക്കുന്നതിൽ നൂറ്റിപ്പതിനൊന്നര ഏക്കറിലാണ് ജനവാസം. 600 കുടുംബങ്ങളാണ് ഇവിടെയുള്ളത്.താമസക്കാരെ സംരക്ഷിക്കാൻ സർക്കാരിന് എന്തെല്ലാം നടപടിയെടുക്കാനാകും എന്ന് പരിശോധിക്കാനാണ് കമീഷനോട് ആവശ്യപ്പെട്ടിട്ടുള്ളതെന്നും സർക്കാർ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.









0 comments