മുനമ്പം: മുഖ്യമന്ത്രിയുമായി ചർച്ച നടത്തും- ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ

കോഴിക്കോട്: മുനമ്പത്തെ ഭൂമിപ്രശ്നം പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്ന് കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പം വിഷയം പരിഹരിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസ് അറിയിച്ചിട്ടുണ്ട്. പ്രശ്നം ജാതി– മത ഭേദമന്യേ എല്ലാവരും കൂട്ടായിനിന്ന് പരിഹരിക്കാനാണ് നോക്കേണ്ടത്. 610 കുടുംബങ്ങളാണ് ദുരിതമനുഭവിക്കുന്നത്. അവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതത്വം വേണം.
വഖഫ് ഭേദഗതിനിയമത്തിന് കെസിബിസി പിന്തുണ നൽകിയത് മുനമ്പത്തെ ജനങ്ങളുടെ സഹനം കണ്ടാണ്. ഭേദഗതിനിയമം വന്നാൽ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കരുതി. എന്നാൽ നിയമത്തിന് മുൻകാല പ്രാബല്യമില്ലെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു പറഞ്ഞത്. ഫാറൂഖ് കോളജ് മാനേജ്മെന്റ് വഖഫ് ഭൂമിയല്ലെന്ന് സ്ഥാപിക്കാൻ പ്രവർത്തിക്കുന്നുണ്ട്. അതിൽ വിജയം കണ്ടാൽ മുനമ്പം നിവാസികൾക്ക് ആശ്വാസമാകും–കലിക്കറ്റ്‌പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസിൽ വർഗീസ് ചക്കാലക്കൽ പറഞ്ഞു.
ജൻസൺ പുത്തൻവീട്ടിൽ, ഫാ. സൈമൺ പീറ്റർ, ഫാ. ഇമ്മാനുവൽ റെനി, കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് ഇ പി മുഹമ്മദ്, സെക്രട്ടറി പി കെ സജിത്ത് എന്നിവർ പങ്കെടുത്തു.









0 comments