മഴയില്ലാതെ 72 മണിക്കൂർ; ഇടുക്കിയിൽ ജലനിരപ്പിൽ കുറവ്
മുല്ലപ്പെരിയാറിൽ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞു

കുമളി
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതിൽ കുറഞ്ഞ് ഞായറാഴ്ച രാവിലെ ആറിന് 135.05 അടി എത്തി. തലേദിവസം ജലനിരപ്പ് 135.40 അടി ആയിരുന്നു. കഴിഞ്ഞവർഷം ഇതേദിവസം അണക്കെട്ടിൽ 122.95 അടി വെള്ളമാണ് ഉണ്ടായിരുന്നത്. മുൻവർഷത്തേക്കാൾ 12.10 അടി വെള്ളം അധികം ഉണ്ട്. ഞായറാഴ്ച രാവിലെ ആറു വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിലേക്ക് സെക്കൻഡിൽ 756 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1777 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തില്ല. മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന 71 അടി സംവരണശേഷിയുള്ള തേനി ജില്ലയിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് നേരിയതോതിൽ ഉയർന്ന് 60.60 അടി എത്തി.
മഴയില്ലാതെ 72 മണിക്കൂർ; ഇടുക്കിയിൽ ജലനിരപ്പിൽ കുറവ്
ഇടുക്കി
ഇടുക്കി പദ്ധതി പ്രദേശങ്ങളിൽ മഴയില്ലാതായതോടെ ജലനിരപ്പിൽ നേരിയ കുറവ്. അണക്കെട്ടിലെ ജലനിരപ്പ് ഞായർ വൈകിട്ട് ഏഴിന് 2363.78 അടിയാണ്. തലേദിവസം വൈകിട്ട് നാലിന് 2364.02 അടിയായിരുന്നു. 0.24 അടി കുറവുണ്ടായി. ഇതോടെ ജലനിരപ്പ് സംഭരണശേഷിയുടെ 57.95 ശതമാനമായി കുറഞ്ഞു. ശനി 58.19 ശതമാനം ജലം ഉണ്ടായിരുന്നു. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ സംഭരണി മേഖലയിൽ മഴയില്ല. 2403 അടിയാണ് അണക്കെട്ടിന്റെ സംഭരണശേഷി. മൂന്ന് മണിക്കൂറിൽ 2.114 മില്യൺ യൂണിറ്റാണ് നിലവിലെ വൈദ്യുതോൽപ്പാദനം.
0 comments