136 അടിയായാൽ ഷട്ടറുകൾ തുറക്കും

മുല്ലപ്പെരിയാർ ജലനിരപ്പ് 
135.25 അടി; തുറക്കാൻ സാധ്യത

Mullaperiyar Dam water level
വെബ് ഡെസ്ക്

Published on Jun 28, 2025, 12:10 AM | 1 min read


കുമളി

വൃഷ്ടിപ്രദേശങ്ങളിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളി വൈകിട്ട്‌ നാലിന് 135.25 അടിയിലേക്ക് ഉയർന്നു. വെള്ളി രാവിലെ ആറിന് ജലനിരപ്പ് 135 അടിയായിരുന്നു. 136 അടിയാകുമ്പോൾ ഷട്ടറുകൾ ഉയർത്തി ഇടുക്കിയിലേക്ക്‌ വെള്ളമൊഴുക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ചിട്ടുണ്ട്.


സാഹചര്യം കണക്കിലെടുത്ത്‌ പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽനിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കലക്ടര്‍ വി വി​ഗ്നേശ്വരി നിര്‍ദേശംനല്‍കി.

ഇരുപതിലധികം ക്യാമ്പുകൾ സജ്ജമാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ പകല്‍മാത്രമേ ഷട്ടറുകൾ തുറക്കാവൂ എന്ന് തമിഴ്നാടിനോട് അഭ്യർഥിച്ചിട്ടുണ്ട്.


പകൽ സമയങ്ങളിൽ വൃഷ്ടിപ്രദേശങ്ങളിൽ നേരിയ മഴ മാത്രമാണ് ഉണ്ടായിരുന്നത്. വെള്ളി രാവിലെ ആറുവരെ തമിഴ്നാട് 1861 ഘനയടിവീതം കൊണ്ടുപോയിരുന്നത് വൈകിട്ട് നാലോടെ 2050 ഘനയടിയിലേക്ക് ഉയർത്തി. രണ്ടുവർഷം മുമ്പുവരെയും ശരാശരി 2300 ഘനയടിവരെയായിരുന്നു കൊണ്ടുപോകാൻ കഴിഞ്ഞിരുന്നത്. നാലു പെൻസ്റ്റോക്ക് വഴി 1600 ഘനയടി എന്നത് 1800 ലേക്ക് ഉയർത്തി. വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയതോടെ ഇറച്ചൽപാലം വഴി സെക്കൻഡിൽ മൂവായിരത്തിലേറെ ഘനയടി വെള്ളം കൊണ്ടുപോകാൻ തമിഴ്നാടിന് കഴിയും. ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ടായാൽ തമിഴ്നാട് കൂടുതൽ വെള്ളം കൊണ്ടുപോകാനാണ് സാധ്യത.



deshabhimani section

Related News

View More
0 comments
Sort by

Home