വാടക അക്കൗണ്ട് തട്ടിപ്പ് പെരുകുന്നു

എസ് കിരൺബാബു
Published on May 06, 2025, 02:56 AM | 1 min read
തിരുവനന്തപുരം
നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന വാടക അക്കൗണ്ട് (മ്യൂൾ അക്കൗണ്ട് ) തട്ടിപ്പുകൾ സംസ്ഥാനത്തും വർധിക്കുന്നു. ഡാർക്ക് വെബിൽ ഉൾപ്പെടെ ഇത്തരം അക്കൗണ്ടുകൾ വൻ തുകയ്ക്ക് വില്പനയ്ക്ക് വച്ചിട്ടുണ്ട്. രാജ്യത്ത് നടക്കുന്ന സൈബർ തട്ടിപ്പുകളിലെല്ലാം ഇത്തരം അക്കൗണ്ടുകൾ വഴിയാണ് പണം കൈമാറുന്നത്. നിശ്ചിതതുക വാടകയ്ക്കോ കമീഷനായോ അക്കൗണ്ട് ഉടമയ്ക്ക് നൽകിയാണ് തട്ടിപ്പുകാർ ഇത്തരം അക്കൗണ്ടുകൾ സ്വന്തമാക്കുന്നത്. അതായത് ഒരാൾക്ക് നിശ്ചിത തുക വാഗ്ദാനം ചെയ്തശേഷം അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താൻ അനുവാദം വാങ്ങും. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ കൈമാറ്റവും ഇടപാടുകളും നടത്തുന്നതാണ് രീതി. സൈബർ പൊലീസ് ഇതുവരെ സംസ്ഥാനത്തിനകത്തും പുറത്തുമായി 36451 മ്യൂൾ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്.
പ്രധാനമായും വിദ്യാർഥികളും യുവാക്കളുമാണ് തട്ടിപ്പിനിരയാകുന്നത്. തട്ടിപ്പുകാർ കൈമാറുന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിനൽകിയാൽ നിശ്ചിത ശതമാനം തുക ലഭിക്കുമെന്നതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ അറിഞ്ഞും അറിയാതെയും തട്ടിപ്പുകാരുടെ ഇടനിലക്കാരാകുകയാണ്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്ക് നൽകുന്നവരും കുറ്റകൃത്യങ്ങളിൽ പങ്കാളികളാവുകയാണ് ചെയ്യുന്നതെന്ന് സൈബർ പൊലീസ് പറഞ്ഞു.
അക്കൗണ്ട് ഉടമ പ്രതിയാകും
മ്യൂൾ അക്കൗണ്ടുകൾ ഏതുതരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനത്തിനായി ഫണ്ട് നൽകുക തുടങ്ങിയവ ഈ അക്കൗണ്ടുകൾ വഴി നടക്കും. പിടിക്കപ്പെടുമ്പോൾ യഥാർഥ അക്കൗണ്ട് ഉടമകൾ പ്രതികളാകും.









0 comments