ഷഹബാസ് കൊലക്കേസ്; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

താമരശേരി: താമരശേരിയിൽ മുഹമ്മദ് ഷഹബാസ്(15) എന്ന പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് കോഴിക്കോട് ജുവനൈൽ ജസ്റ്റിസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ, താമരശേരി ഇൻസ്പെക്ടർ എ സായൂജ് കുമാറാണ് 1800 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്.
കേസിൽ കുറ്റാരോപിതരായവർ വിദ്യാർഥികളും പ്രായപൂർത്തിയാകാത്തവരുമാണ്. പ്രതികൾ പരസ്പ്‌പരം കൈമാറിയ വാട്സാപ് സന്ദേശങ്ങളും ഒരു പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത നഞ്ചക്കും ഈ കേസിലെ തെളിവുകളാണ്. നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റതായാണ് മരണ കാരണമായി പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നത്.
സിസിടിവി, പ്രതികളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, വാട്‌സ് ആപ്പ് സന്ദേശങ്ങൾ ഉൾപ്പെടെ 80 ഡിജിറ്റൽ തെളിവുകളാണ് കേസിലുള്ളത്. 107 പേരുടെ സാക്ഷി മൊഴികളും കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതികളായ ആറ് വിദ്യാർഥികൾക്കും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. മാറ്റിവച്ച ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കുന്നത്തിനിടയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ തടഞ്ഞുവെച്ച എസ്എസ്എൽസി പരീക്ഷാഫലം കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്. കൊലപാതകത്തിൽ മുതിർന്നവർക്കും പങ്കുണ്ടെന്ന് ഷഹബാസിന്റെ കുടുംബം പരാതിപ്പെട്ടിരുന്നെങ്കിലും തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം.
ഫെബ്രുവരി 28നാണ് കൊലപാതകം നടന്നത്. താമരശേരി എംജെ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. പ്രതികളായ ആറ് പേരും താമരശേരി ജിവിഎച്ച്എസ്എസിലെ വിദ്യാർഥികളാണ്. താമരശേരി പഴയ സ്റ്റാൻഡിനടുത്തുള്ള ട്യൂഷൻ സെന്ററിന് സമീപത്തുവച്ച് ഇരു സ്‌കൂളുകളിലേയും വിദ്യാർഥികൾ ഏറ്റുമുട്ടുകയും ഷഹബാസ് കൊല്ലപ്പെടുകയുമായിരുന്നു. ട്യൂഷൻ സെന്ററിലെ പരിപാടിക്കിടെ ഏതാനും കുട്ടികൾ കൂവിയെന്നു പറഞ്ഞാണ് സംഘർഷമുണ്ടായത്.
0 comments