ഭിന്നശേഷി അധ്യാപകരെ അവഹേളിച്ച് എംഎസ്എഫ്

മലപ്പുറം : ഭിന്നശേഷി അധ്യാപകരെ അവഹേളിച്ച് എംഎസ്എഫ് സംസ്ഥാന നേതാക്കൾ. ഭിന്നശേഷി അധ്യാപകർക്ക് കുട്ടികളെ പഠിപ്പിക്കുന്നതിൽ പരിമിതിയുണ്ടെന്നാണ് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. "ക്ലാസുകളിൽ കുട്ടികളെ കൈകാര്യംചെയ്യാൻ ഭിന്നശേഷി അധ്യാപകർക്ക് കഴിയുമോയെന്ന് സംശയമാണ്. അധിക തസ്തിക നിർണയിച്ച് ഇവർക്ക് നിയമനം നൽകണം' –എംഎസ്എഫ് നേതാക്കൾ പറഞ്ഞു.
10 അധ്യാപകരെ ആവശ്യമുള്ള സ്കൂളിൽ ഒമ്പത് ജനറൽ അധ്യാപകരെയും ഒരു ഭിന്നശേഷിക്കാരനെയും നിയമിക്കുന്നതിന് പകരം, പതിനൊന്നാമത് തസ്തികയുണ്ടാക്കി ഭിന്നശേഷി നിയമനം നടത്തണമെന്നാണ് എംഎസ്എഫ് വാദം. എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമനം നടപ്പാക്കുന്നതിന്റെ പേരിൽ നിലവിലുള്ള താൽക്കാലിക അധ്യാപകരെ സ്ഥിരപ്പെടുത്തുന്നില്ലെന്നും നേതാക്കൾ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജൂലൈ ഒന്നുമുതൽ അഞ്ചുവരെ സംസ്ഥാനവ്യാപകമായി കലക്ടറേറ്റിലക്ക് അവകാശ പത്രികാ സമർപ്പണ മാർച്ച് നടത്തുമെന്നും ഇവർ അറിയിച്ചു.
സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ട്രഷറർ അഷ്ഹർ പെരുമുക്ക്, വൈസ് പ്രസിഡന്റ് കെ ടി റൗഫ്, ജില്ലാ പ്രസിഡന്റ് കബീർ മുതുപറമ്പ് എന്നിവരാണ് വാർത്താസമ്മേളനത്തിൽ പങ്കെടുത്തത്.









0 comments