എംഎസ്‍സിക്ക് വീണ്ടും തിരിച്ചടി; ഒരു കപ്പൽ കൂടി തടഞ്ഞുവെക്കാൻ ഹൈക്കോടതി നിർദേശം

കൊച്ചി: കൊച്ചി തീരത്ത് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ട സംഭവത്തിൽ എംഎസ്‍സി കമ്പനിക്ക് വീണ്ടും തിരിച്ചടി. ഒരു കപ്പൽ കൂടി തടഞ്ഞുവെക്കാൻ ഹൈക്കോടതി നിർദേശിച്ചു. കൊളംബോയിൽ നിന്നും വിഴിഞ്ഞത്തേക്ക് വരുന്ന എംഎസ്‍സി പോളോ 2 കപ്പലാണ് അറസ്റ്റ് ചെയ്യുന്നത്. കമ്പനി 73.5 ലക്ഷം രൂപയും പലിശയും ഉൾപ്പെടെ കെട്ടിവയ്ക്കണമെന്നാണ് ഉത്തരവ്.
കൊല്ലത്തെ സാൻസ് ക്യാഷ്യൂനട്ട് (പ്രൈവറ്റ് ലിമിറ്റഡ്) എന്ന കമ്പനി നൽകിയ ഹർജിയിലാണ് നിർദേശം. മുങ്ങിയ കപ്പലിലെ ഒരു കണ്ടെയ്നറിൽ മുഴുവൻ ഈ സ്ഥാപനത്തിൽ നിന്നുള്ള കശുവണ്ടിയായിരുന്നു. അതിനാൽ കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
കഴിഞ്ഞദിവസം കമ്പനിയുടെ മറ്റൊരു കപ്പൽ പിടിച്ചുവെക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതരോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. എംഎസ്‍സി മാനസ എഫ് എന്ന കപ്പലാണ് പിടിച്ചുവച്ചത്. ആറ് കോടി രൂപ ഡിമാന്റ് ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാക്കിയാൽ കപ്പൽ വിട്ടുനൽകുമെന്നും കോടതി അറിയിച്ചു. കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ നൽകിയ ഹർജിയിലായിരുന്നു നിർദേശം.
തങ്ങൾ ഓർഡർ നൽകിയ കശുവണ്ടി എത്തേണ്ടിയിരുന്ന എംഎസ്‍സിയുടെ കപ്പലാണ് മുങ്ങിയതെന്നും, അതുവഴി അറ് കോടിയോളം രൂപ നഷ്ടമായെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. ഇതേ തുടർന്നാണ് കൊളംബോയിൽനിന്ന് വിഴിഞ്ഞത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന എംഎസ്‍സി മാനസ കപ്പൽ തടഞ്ഞുവെക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ മെയ് 24നാണ് എംഎസ്‍സി എൽസ 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. അടുത്തദിവസം കപ്പൽ പൂർണമായും മുങ്ങി. മുഴുവൻ ജീവനക്കാരെയും രക്ഷപെടുത്തിയിരുന്നു. സംഭവത്തിൽ കപ്പലിന്റെ ഉടമകളായ കമ്പനിക്കും ക്യാപ്റ്റനുമെതിരെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments