വെള്ളത്തിന്റെ സാമ്പിൾ പരിശോധന തുടരും
വോയേജ് ഡാറ്റാ റെക്കോഡർ വീണ്ടെടുക്കാനുള്ള ശ്രമം ഇന്ന് പുനരാരംഭിക്കും

കൊച്ചി
പുറംകടലിൽ മുങ്ങിയ ലൈബീരിയൻ ചരക്കുകപ്പൽ എംഎസ്‌സി എൽസ 3യിൽനിന്ന് വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) വീണ്ടെടുക്കാനുള്ള ശ്രമം തിങ്കളാഴ്‌ച വീണ്ടും തുടങ്ങും. മുങ്ങൽവിദഗ്‌ധരുടെ സഹായത്തോടെയാണ് വിഡിആർ കപ്പലിനുള്ളിൽനിന്ന് കണ്ടെത്തുക. വലിയ തിരമാലകളുയരുന്ന പ്രതികൂല കാലാവസ്ഥമൂലം വ്യാഴാഴ്‌ച ആരംഭിക്കാനിരുന്ന വീണ്ടെടുക്കൽശ്രമം മാറ്റിവച്ചിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിലേ തിങ്കളാഴ്‌ചയും വിഡിആർ വീണ്ടെക്കാൻ സാധിക്കൂ.
വിഡിആറിൽനിന്ന് കപ്പൽ അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരം ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ്. കപ്പൽ ടാങ്കിൽ 450 ടണ്ണോളം ഇന്ധനമുണ്ടെന്നാണ് കണക്കാക്കുന്നത്. എണ്ണ നീക്കാനുള്ള പ്രാരംഭനടപടികൾ ചൊവ്വാഴ്‌ച പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. ഇതും വൈകും. അമേരിക്കൻ കമ്പനി ടി ആൻഡ് ടി സാൽവേജിന്റെ നാലു ടഗ്ഗുകളാണ് സ്ഥലത്ത് സർവേയും എണ്ണനീക്കലും നടത്തുന്നത്.
വെള്ളത്തിന്റെ സാമ്പിൾ പരിശോധന തുടരും
ചരക്ക് കപ്പൽ അറബിക്കടലിൽ മുങ്ങിയതിനെതുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിൽനിന്ന് വെളളത്തിന്റെ സാമ്പിൾ പരിശോധിക്കുന്നത് തുടരും. വടക്കൻ കേരളത്തിലെ തീരങ്ങളിൽനിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ വെള്ളം പരിശോധിക്കുന്നുണ്ട്. എണ്ണപ്പാടയുടെ അംശങ്ങൾ തീരത്ത് എത്തിയിട്ടില്ലെന്നും മലിനീകരണനിയന്ത്രണ ബോർഡ് പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് തുടരുകയാണ്. തുടർന്ന് ഇവ കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലേക്ക്( കെഇഐഎൽ) കൊണ്ടുപോകും. എംഎസ്‌സി കമ്പനിയുടെ അഭിപ്രായംകൂടി അറിഞ്ഞശേഷമാകും ഈ മാലിന്യങ്ങൾ എന്തുചെയ്യണമെന്ന് തീരുമാനിക്കുക. സർക്കാർ നിയോഗിച്ച വിദഗ്‌ധസമിതികൾ സാമ്പത്തിക, പാരിസ്ഥിതിക ആഘാതം സംബന്ധിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണ്.









0 comments