കപ്പലപകടത്തിൽ നഷ്ടപരിഹാരം ; സർക്കാരിന്റെ ഹർജിയിൽ വിശദവാദം കേൾക്കും

കൊച്ചി
എംഎസ്‌സി എൽസ- 3 കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതി, മത്സ്യമേഖലാ നാശത്തിന് 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ അഡ്മിറാൽറ്റി സ്യൂട്ടിൽ ഹൈക്കോടതി വിശദവാദം കേൾക്കും. കപ്പൽ കമ്പനി സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി സമർപ്പിക്കാനും സർക്കാരിനോട് നിർദേശിച്ചു. ഹർജി ജസ്റ്റിസ് എം എ അബ്ദുൾ ഹക്കീം സെപ്തംബർ 16ലേക്ക് മാറ്റി.
സർക്കാരിന്റെ നഷ്ടപരിഹാര ആവശ്യത്തിന് സെക്യൂരിറ്റിയായി എംഎസ്--സി അക്കറ്റേറ്റ 2 എന്ന കപ്പൽ വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞുള്ള ഇടക്കാല ഉത്തരവും അതുവരെ നീട്ടി. സർക്കാർ ആവശ്യപ്പെടുന്ന തുക യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്നാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി സത്യവാങ്മൂലത്തിൽ പറയുന്നത്. കപ്പൽ മുങ്ങിയത് രാജ്യാതിർത്തിക്ക് പുറത്തായതിനാൽ കേരളത്തിന് അഡ്മിറാൽറ്റി സ്യൂട്ട് നൽകാൻ അധികാരമില്ല.
കേരളത്തിന്റെ സമുദ്രാതിർത്തിയിൽ ഗുരുതര പരിസ്ഥിതിനാശമുണ്ടാക്കിയിട്ടില്ല. ബാധകമായ നിയമങ്ങൾപ്രകാരം 12.27 കോടിയുടെ നഷ്ടപരിഹാരംമാത്രമേ നൽകേണ്ടതുള്ളൂവെന്നും കമ്പനി സത്യവാങ്‌മൂലത്തിൽ പറയുന്നു.









0 comments