മുങ്ങിയ കപ്പലിലെ സാധനങ്ങൾ വീണ്ടെടുക്കൽ; ദൗത്യസംഘം ഇന്ന് വീണ്ടും കടലിലേക്ക്

കൊല്ലം : കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ലൈബീരിയൻ ചരക്ക് കപ്പൽ എംഎസ്‌സി എൽസ– മൂന്നിൽനിന്ന് വസ്‌തുക്കൾ കണ്ടെടുക്കുന്ന സാൽവേജ് ഓപ്പറേഷൻ യാനങ്ങൾ തിങ്കളാഴ്ച വീണ്ടും ദൗത്യം തുടങ്ങും. കടൽ പ്രക്ഷുബ്‌ധമായതിനെത്തുടർന്ന് ശനിയാഴ്‌ച കൊല്ലം തുറമുഖത്ത് തിരിച്ചെത്തിയ യാനങ്ങളാണ് വീണ്ടും കടലിലേക്ക് പോകുന്നത്. തണുത്തുറഞ്ഞ ഇന്ധനം ശേഖരിക്കാൻ കപ്പലിന്റെ ഇന്ധന ടാങ്കിന്റെ ഭാഗം ചൂടാക്കാൻ ശ്രമിക്കവെയാണ് കടൽ പ്രക്ഷുബ്‌ധമായത്. ഇതോടെ തീരത്തേക്ക് മടങ്ങുകയായിരുന്നു. ചെളിയും കടൽ ജലവും നിറഞ്ഞ ചെറിയ ഷെല്ലുകൾ മാത്രമാണ് ഇതുവരെ വീണ്ടെടുക്കാനായത്.
മുങ്ങിയ കപ്പലിൽനിന്ന് കടലിൽവീണ് തീരത്തടിഞ്ഞ കണ്ടെയ്‌നറുകൾ സൂക്ഷിക്കുന്നതിന്റെ വാടക, സാൽവേജ് ഓപ്പറേഷൻ യാനങ്ങളുടെ ബർത്ത് ഫീസ് എന്നീ ഇനങ്ങളിൽ കൊല്ലം തുറമുഖത്തിന് ഇതുവരെ 25 ലക്ഷം രൂപ വരുമാനം ലഭിച്ചു. ഡിഎസ്‌വി സതേൺ നോവ, ഓഫ് ഷോർ മൊണാർക്ക് കപ്പലുകളാണ് ദൗത്യത്തിനുപയോഗിക്കുന്നത്. രണ്ട് കപ്പലുകളിലായി 105 അംഗങ്ങൾ സാൽവേജ് സംഘത്തിലുണ്ട്. എൽസ മൂന്നിലെ പരിസ്ഥിതിക്ക് ദോഷകരമായ ബങ്കർ ഓയിൽ, അപകടകരമായ വസ്‌തുക്കൾ എന്നിവ കണ്ടെടുക്കുകയാണ് ആദ്യ ദൗത്യം. അടുത്തഘട്ടത്തിൽ കടലിന്റെ അടിത്തട്ടിലുള്ള കണ്ടെയ്‌നറുകൾ വീണ്ടെടുക്കും. മുംബൈ ആസ്ഥാനമായ മെർക്ക് സാൽവേജ് ഓപ്പറേഷൻസ് കമ്പനി നേതൃത്വത്തിലാണ് ദൗത്യം.
എട്ട് രാജ്യങ്ങളിൽനിന്നുള്ള എൻജിനിയർമാർ, മുങ്ങൽ വിദഗ്‌ധർ, സുപ്പർവൈസർമാർ, സാങ്കേതിക വിദഗ്‌ധർ എന്നിവർ ഉൾപ്പെട്ടതാണ് ദൗത്യസംഘം.
കൊച്ചി തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ മെയ് 24നാണ് ചരക്കുകപ്പൽ ചരിഞ്ഞത്. തൂത്തുക്കുടി–വിഴിഞ്ഞം–കൊച്ചി–മംഗളൂരു കടൽമാർഗം സർവീസ് നടത്തുന്ന എംഎസ്‌സി എൽസ 3 ൽ 643 കണ്ടെയ്‌നറുകളാണ് ഉണ്ടായിരുന്നത്.









0 comments