വിജിലൻസ് പരിശോധന: മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്‌പോസ്‌റ്റുകളിൽനിന്ന് പിടികൂടിയത് 3.26ലക്ഷം

പാലക്കാട്> മോട്ടോർ വാഹന വകുപ്പ് ചെക്ക്പോസ്റ്റുകളിൽ രണ്ടാം ദിനം നടത്തിയ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിപ്പണം പിടിച്ചെടുത്തു. ഞായർ രാത്രി മുതൽ തിങ്കൾ പുലർച്ചെവരെ നടത്തിയ പരിശോധനയിൽ 1,77,490 രൂപയാണ് പിടിച്ചെടുത്തത്. വാളയാർ ഇൻ ചെക്ക്പോസ്റ്റുകളിൽനിന്നും 1,27,490 രൂപ, വാളയാർ ഔട്ട് ചെക്ക് പോസ്‌റ്റുകളിൽനിന്ന് -10,500, ഗോപാലപുരം- 21,110, ഗോവിന്ദാപുരം- 10,550, നടുപ്പുണി- 7,840 രൂപ എന്നിങ്ങനെയാണ് പിടികൂടിയത്.
വെള്ളിയാഴ്ച അഞ്ച് ചെക്ക് പോസ്റ്റുകളിൽ നടത്തിയ റെയ്ഡിൽ 1,49,490 രൂപ പിടികൂടിയിരുന്നു. രണ്ടു ദിവസങ്ങളിലായി ആകെ 3,26,980 രൂപയാണ് വിജിലൻസ് പിടിച്ചെടുത്തത്. ഇതര സംസ്ഥാനങ്ങളിൽനിന്നും അമിതഭാരം കയറ്റിവരുന്ന ചരക്കുവാഹനങ്ങളിൽനിന്നും കരിങ്കല്ല്, കന്നുകാലി എന്നിവ കയറ്റിവരുന്ന ലോറികളിൽനിന്നും ശബരിമല തീർത്ഥാടകരിൽനിന്നും ജില്ല അതിർത്തിയിലെ മോട്ടോർ വാഹന ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കെെക്കൂലി വാങ്ങുന്നുവെന്നായിരുന്നു വിജിലൻസിന് വിവരം ലഭിച്ചത്.
ആദ്യ പരിശോധനയിൽ കൈക്കൂലിപ്പണം പിടിച്ചെടുത്തിട്ടും രണ്ടാംദിവസവും വീണ്ടും കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരുടെ പ്രവൃത്തി ഗൗരവമായി കാണുന്നെന്നും നടപടി സ്വീകരിക്കുമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പറായ 1064 ലോ 8592900900 എന്ന നമ്പറിലോ വാട്സാപ് നമ്പറായ 9447789100 ലോ വിവരം നൽകണമെന്ന് അദ്ദേഹം അറിയിച്ചു.









0 comments