കാലവർഷം 8 ദിവസം മുമ്പേ: കനത്ത ജാഗ്രത

rain kerala
avatar
സ്വന്തം ലേഖിക

Published on May 25, 2025, 04:30 AM | 2 min read

തിരുവനന്തപുരം : പതിവിലും എട്ടു ദിവസംമുമ്പേ കേരളതീരംതൊട്ട കാലവർഷം ഒറ്റദിവസംകൊണ്ടുതന്നെ സംസ്ഥാനത്താകെ പെയ്‌തിറങ്ങി. കനത്ത കാറ്റും വീശിയടിച്ചതോടെ സംസ്ഥാനത്ത്‌ ജാഗ്രത പ്രഖ്യാപിച്ചു. അടുത്ത ഏഴ്‌ ദിവസം ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർഥിച്ചു. ദുരന്ത നിവാരണ ഒരുക്കങ്ങൾ സംസ്ഥാനത്ത്‌ സജീവമാക്കി. അതത്‌ ജില്ലകളിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്‌ ക്രമീകരണങ്ങളൊരുക്കാൻ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ നിർദേശം നൽകി. ദുരന്ത സാധ്യതാ മേഖലകളിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു. രണ്ട്‌ ദുരിതാശ്വാസക്യാമ്പുകൾ തുറന്നു. താലൂക്ക് ഓഫീസുകളിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു.


ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്‌) കൂടുതൽ സംഘത്തെ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രി കത്തയച്ചു. എൻഡിആർഎഫിന്റെ ഏഴ്‌ സംഘങ്ങൾകൂടി ജൂൺ രണ്ടോടെ കേരളത്തിലെത്തും. നിലവിൽ രണ്ട്‌ സംഘങ്ങൾ സംസ്ഥാനത്തുണ്ട്‌. അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാസേന, പൊലീസ്‌, സിവിൽ ഡിഫൻസ്‌ ടീം, കരസേന, നാവികസേന, ഡിഫൻസ്‌ സെക്യൂരിറ്റി കോർപ്‌സ്‌, ഇന്തോ–-ടിബറ്റൻ ബറ്റാലിയൻ യൂണിറ്റ്‌, സിആർപിഎഫിന്റെയും സിഐഎസ്‌എഫിന്റെയും നൂറുപേർ വീതവും സജ്ജമാണ്‌. അവശ്യസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി തദ്ദേശസ്ഥാപങ്ങൾക്കും കലക്ടർമാർക്കും ദുരന്ത നിവാരണ വകുപ്പ്‌ ധനസഹായം അനുവദിച്ചു. 3950ത്തിലധികം ക്യാമ്പുകളിൽ അഞ്ചുലക്ഷത്തിലധികം ആളുകളെ പാർപ്പിക്കാൻ ക്രമീകരണം ഒരുക്കി. ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനമായ ‘കവചം’ രൂപീകരിച്ചശേഷമുള്ള കാലവർഷമാണ്‌ കേരളം നേരിടാനൊരുങ്ങുന്നത്‌. മഴക്കാല പൂർവ അവലോകന യോഗങ്ങളും തയാറെടുപ്പും പൂർത്തിയായി.


തിങ്കൾ കണ്ണൂരിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്താനിരുന്ന മേഖലാ അവലോകനയോഗം മാറ്റി. തെക്കുപടിഞ്ഞാറൻ കാലവർഷം ശനിയാഴ്ച കേരളതീരംതൊട്ടതായി കാലാവസ്ഥാവകുപ്പ്‌ സ്ഥിരീകരിച്ചു. സാധാരണയിലും എട്ടുദിവസംമുമ്പാണ്‌ കാലവർഷം എത്തിയത്‌. ഇനി സംസ്ഥാനത്ത്‌ മൂന്നുമാസത്തിലധിക നീളുന്ന മഴക്കാലമായിരിക്കും. ഇന്ത്യയിൽ ആദ്യം കാലവർഷമെത്തുന്നതും അവസാനം കാലവർഷം വിടവാങ്ങുന്നതും കേരളത്തിൽ നിന്നാണ്. പ്രവചിച്ചതിനേക്കാൾ മുമ്പേ കാലവർഷമെത്തുന്നത്‌ 16 വർഷത്തിനുശേഷമാണ്‌. ശക്തമായ മഴ ജൂൺ ഒന്നുവരെ തുടരാനാണ്‌ സാധ്യത.


കലക്ടർമാർക്ക്‌ 
ഒരുകോടിരൂപ വീതം നൽകി


തിരുവനന്തപുരം: കാലവർഷക്കെടുതികൾ നേരിടാൻ ദുരന്തനിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക് ഒരുലക്ഷവും നഗരസഭകൾക്ക് മൂന്നുലക്ഷവും കോർപറേഷനുകൾക്ക് അഞ്ചുലക്ഷം രൂപയും അനുവദിച്ചു. പുറമെ കലക്ടർമാർക്ക് ഒരുകോടിരൂപ വീതവും ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നൽകി. ഇതിൽ 25 ലക്ഷംരൂപ വരെ വിനിയോഗിക്കാനുള്ള അനുമതിയുമുണ്ട്‌. സംസ്ഥാനത്ത് 3950 ക്യാമ്പ്‌ തുറക്കാനുള്ള നടപടി തുടങ്ങി. റവന്യൂ വകുപ്പിന്റെയും തദ്ദേശ വകുപ്പിന്റെയും ഉദ്യോഗസ്ഥർ ക്യാമ്പുകളുടെ പ്രത്യേകത ചുമതല വഹിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home