വ്യാപക പ്രതിഷേധം ; വെല്ലുവിളിച്ച് കുന്നുമ്മൽ

തിരുവനന്തപുരം
സർവകലാശാലകളെ ആർഎസ്‌എസ് കാര്യാലയങ്ങളാക്കാൻ നിയമവും ചട്ടവും ലംഘിച്ച് തന്നിഷ്ടപ്രകാരം പ്രവർത്തിക്കുന്ന കേരള സർവകലാശാല താൽക്കാലിക വിസി മോഹനൻ കുന്നുമ്മലിനെതിരെ വ്യാപക പ്രതിഷേധം. ആർഎസ്‌എസ് അജൻഡ നടപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ച്, സിൻഡിക്കേറ്റിന്റെ അധികാരം കവർന്നാണ് ഒടുവിൽ കേരള രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്തത്.
ഉന്നത വിദ്യാഭ്യാസരംഗത്തെ മികവിനെ തകർക്കാനും അക്കാദമിക മേഖലയെ നിരന്തരം സംഘർഷത്തിലാക്കാനുമുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഗവർണറുടെ പിന്തുണയോടെയുള്ള തീരുമാനങ്ങൾ. സർവകലാശാല തെരഞ്ഞെടുത്ത അക്കാദമിക് സമിതികളെ വിലവയ്ക്കാതെ വെല്ലുവിളിക്കുന്നു. താൽകാലിക വിസിയുടെ പരിമിത അധികാരം ഉപയോഗിച്ച് കേരള സർവകലാശാലയിൽ തുടർച്ചയായി കുഴപ്പങ്ങളുണ്ടാക്കുന്നു. നിയമപരമായി നിലനിൽക്കില്ലെന്നും ശക്തമായി പ്രതിഷേധിക്കേണ്ടി വരുമെന്നും ഉറപ്പായതോടെ രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്ത ഉടൻ വിദേശത്തേക്ക് കടക്കുകയും ചെയ്തു.
സർവകലാശാലാ ചട്ടപ്രകാരം സെനറ്റ് ഹാളിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് പരിപാടികൾ നടത്താനാകില്ലെന്നും പരിപാടി മാറ്റിവയ്ക്കണമെന്നും നിയമപരമായ അറിയിപ്പ് നൽകിയതിനാണ് രജിസ്‌ട്രാറെ സസ്‌പെൻഡ് ചെയ്തത്. അധികാരമില്ലാത്തയാൾ എടുത്ത നടപടിയായതിനാൽ അത് അംഗീകരിക്കാൻ രജിസ്‌ട്രാർക്ക് ബാധ്യതയില്ല.
എന്നാൽ, ആർഎസുംഎസും രാജ്‌ഭവനും തയ്യാറാക്കുന്ന രാഷ്‌ട്രീയ പരിപാടികൾക്ക് കളമൊരുക്കുകയാണ് കുന്നുമ്മൽ. ജനപിന്തുണയില്ലാത്ത ബിജെപിക്ക് വളഞ്ഞവഴിയിലൂടെ അധികാര സ്ഥാനങ്ങളിൽ കയറിക്കൂടാനുള്ള ചട്ടുകമായി അദ്ദേഹം മാറി. കേരള സർവകലാശാലയിലെ അക്കാദിക് വിഷയമുൾപ്പെടെ ചർച്ചചെയ്യാൻ സിൻഡിക്കറ്റ് വിളിക്കണമെന്ന ആവശ്യം ചെവിക്കൊള്ളാതെയാണ് ഏകപക്ഷീയ നടപടികൾ.
കുന്നുമ്മലിന്റെ പുനർനിയമനവും ആർഎസ്‌എസ് സേവയ്ക്കുള്ള പ്രതിഫലമാണ്. സംസ്ഥാനഫണ്ടിൽ പ്രവർത്തിക്കുന്ന സർവകലാശാലകളിൽ ചാൻസലറുടെ ഏകപക്ഷീയഭരണം പാടില്ലെന്ന് പലതവണ സുപ്രീംകോടതിതന്നെ ചൂണ്ടിക്കാണിച്ചതാണ്. കുന്നുമ്മലിന്റെ അക്കാദമിക് യോഗ്യത സംബന്ധിച്ചും ആക്ഷേപമുയർന്നിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പഠിച്ച കാലയളവിലെ അറ്റൻഡൻസ് രജിസ്റ്ററിൽ ഒരു ഭാഗം കാണാതായത് സംശയാസ്പദമാണെന്നും പരാതിയുണ്ടായി. സർക്കാർ നിർദേശിച്ച പേരുകൾ തള്ളിയാണ് കുന്നുമ്മലിന് മുൻ ഗവർണർ കേരള സർവകലാശാലയുടെകൂടി ചുമതല നൽകിയത്.









0 comments