വാർത്താസമ്മേളനത്തിനിടെ പ്രകോപിതനായി ഇറങ്ങിപ്പോയി , ഡോ. കെ എസ് അനിൽകുമാർ നോക്കിയ ഫയലിൽ ഒപ്പിട്ടില്ല
സമ്മർദത്തിന് വഴങ്ങി വിസി ; 20 ദിവസത്തിനുശേഷം കേരളയിലെത്തി

തിരുവനന്തപുരം
സമ്മർദങ്ങൾക്ക് വഴങ്ങി താൽക്കാലിക വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ കേരള സർവകലാശാലയിൽ എത്തി. പ്രകോപനപരമായ നിലപാടുകൾ സ്വീകരിച്ചു വന്ന വൈസ് ചാൻസലർ പ്രതിഷേധങ്ങൾ കാരണം സർവകലാശാല ആസ്ഥാനത്ത് എത്താൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു. യാതൊരു പ്രതിഷേധങ്ങളും ഇല്ലാതിരുന്നിട്ടും കനത്ത പൊലീസ് സുരക്ഷയിലാണ് 20 ദിവസത്തിനുശേഷം വിസി എത്തിയത്. 1,838 ബിരുദ സർട്ടിഫിക്കറ്റുകളിൽ ഒപ്പിട്ടു. വിവിധ വിഷയങ്ങളിലുള്ള 149 അപേക്ഷകളിലും തീരുമാനമെടുത്തു. ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ യോഗത്തിലും ഓൺലൈനായി പങ്കെടുത്തു. എന്നാൽ രജിസ്‌ട്രാർ ഡോ. കെ എസ് അനിൽകുമാറുമായി ബന്ധപ്പെട്ട വിഷയത്തിൽ വിസി പിടിവാശി തുടരുകയാണ്. അദ്ദേഹം നോക്കിയ ഒരു ഫയലിലും ഒപ്പിട്ടില്ല. സർവകലാശാലയിൽനിന്നു മടങ്ങുന്ന വഴി മന്ത്രി ആർ ബിന്ദുവിന്റെ വസതിയിലെത്തി കൂടിക്കാഴ്‌ച നടത്തി. 45 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ചയിൽ സിൻഡിക്കറ്റ് യോഗം വിളിക്കാൻ വിസി സമ്മതിച്ചു.
ഉച്ചയോടെ മാധ്യമങ്ങളെ കണ്ട വിസി പ്രകോപിതനായി വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. ആർഎസ്‌എസ് ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്‌ത്രീയുടെ ചിത്രം സർവകലാശാല ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ഉപയോഗിച്ചത് സംബന്ധിച്ച ചോദ്യമാണ് വിസിയെ പ്രകോപിപ്പിച്ചത്.
അടിയന്തര സാഹചര്യമുണ്ടെന്ന് കത്ത് നൽകിയിട്ടും സിൻഡിക്കേറ്റ് കൂടാത്തത് എന്താണ് എന്ന ചോദ്യത്തിന്, അങ്ങനെ വ്യവസ്ഥ ഇല്ല, അവർക്ക് കോടതിയിൽ പോകാം എന്നായിരുന്നു മറുപടി. രജിസ്ട്രാർക്കെതിരായ സസ്‌പെൻഷൻ ശിക്ഷാ നടപടി അല്ലെന്നും ഭരണത്തലവനായ ഗവർണറെ അപമാനിച്ചതിന്റെ പേരിലാണ് സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്തിയതെന്നും വിസി പറഞ്ഞു. വിദ്യാർഥികളെന്ന പേരിൽ ചിലർ സർവകലാശാലയിൽ അക്രമം നടത്തുന്നതിനാലാണ് കഴിഞ്ഞ ദിവസങ്ങളിൽ വരാതിരുന്നത്. വിദ്യാർഥികളെന്ന വ്യാജേന ഗുണ്ടകൾ സമരം നടത്തുന്നത് വലിയ തട്ടിപ്പാണെന്നും ഡോ. മോഹനൻ കുന്നുമ്മൽ ആരോപിച്ചു.









0 comments