മിഥുന്റെ മരണം; പ്രത്യേക അന്വേഷകസംഘം മൊഴിയെടുത്തു

കൊല്ലം : തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം അന്വേഷിക്കുന്ന ശാസ്‌താംകോട്ട സിഐ അനീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ഞായറാഴ്‌ച സ്‌കൂൾ മാനേജർ, കമ്മിറ്റി അംഗങ്ങൾ, അധ്യാപകർ എന്നിവരിൽനിന്ന് മൊഴിയെടുത്തു. സംഭവത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്.
ഡിവൈഎസ്‌പി മുകേഷിന്റെ മേൽനോട്ടത്തിൽ ശാസ്‌താംകോട്ട സിഐയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. മൊഴിയടുക്കൽ പൂർത്തിയായ ശേഷമാകും കേസിലെ പ്രതികളും വകുപ്പും തീരുമാനിക്കുക. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നൽകിയ നോട്ടീസ് പ്രകാരം സ്‌കൂൾ മാനേജ്‌മെന്റിന്റെ വിശദീകരണം തിങ്കളാഴ്‌ച നൽകുമെന്ന് മാനേജർ ആർ തുളസീധരൻപിള്ള പറഞ്ഞു.
സംഭവം അന്വേഷിച്ച കെഎസ്‌ഇബി സുരക്ഷാ വിഭാഗത്തിന്റെ അന്തിമ റിപ്പോർട്ട് ചീഫ് സേഫ്‌റ്റി കമീഷണർ എം എ പ്രവീൺ തിങ്കളാഴ്‌ച വൈദ്യുതി മന്ത്രിക്ക് നൽകും.
തദ്ദേശവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് ചീഫ് എൻജിനിയർ കെ ജി സന്ദീപ് സർക്കാരിനു കൈമാറി. അന്തിമ റിപ്പോർട്ട് എത്രയും വേഗം സമർപ്പിക്കുന്ന തരത്തിലാണ് നടപടികളെന്ന് ചീഫ് സേഫ്‌റ്റി കമീഷണർ വിനോദ് പറഞ്ഞു.
കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് മന്ത്രി; 24ന് വീണ്ടും വീട്ടിലെത്തും
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിൽ ഷോക്കേറ്റുമരിച്ച മിഥുന്റെ കുടുംബാംഗങ്ങളെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഞായറാഴ്‌ച രാവിലെ ഫോണിൽ വിളിച്ച് സംസാരിച്ചു. സർക്കാർ ഒപ്പമുണ്ടെന്നും സർക്കാർ സഹായത്തിന്റെ തീരുമാനം ഉടൻ ഉണ്ടാവുമെന്നും മന്ത്രി ആവർത്തിച്ചു. പടിഞ്ഞാറെ കല്ലട പഞ്ചായത്ത് പ്രസിഡന്റ് സി ഉണ്ണിക്കൃഷ്‌ണന്റെ മൊബൈൽ ഫോണിൽ വിളിച്ചാണ് മിഥുന്റെ അച്ഛൻ എം മനോജ്, അമ്മ സുജ എന്നിവരുമായി മന്ത്രി സംസാരിച്ചത്. മിഥുൻ കുടുംബ സഹായമായി കെഎസ്‌ടിഎ പ്രഖ്യാപിച്ചിട്ടുള്ള പത്തു ലക്ഷം രൂപ കൈമാറണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനായി 24ന് പകൽ രണ്ടിന് പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടിലെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി കുടുംബത്തെ അറിയിച്ചു.









0 comments