ന്യൂനപക്ഷ സ്‌കോളര്‍ഷിപ്: പ്രതിപക്ഷ നേതാവ് കള്ളം പ്രചരിപ്പിക്കുന്നു- മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ന്യൂനപക്ഷ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്‌താവന തെറ്റിദ്ധാരണ പടർത്തുന്നതിനുവേണ്ടിയാണെന്ന് മന്ത്രി വി അബ്ദുറഹിമാൻ. കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാന ബജറ്റിൽ 21.96 കോടി രൂപ ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾക്കായി അനുവദിച്ചു. ഈ സാമ്പത്തിക വർഷം (2024-–-25) 24.45 കോടിയും അനുവദിച്ചു.
അർഹരായ എല്ലാ വിദ്യാർഥികൾക്കും ഈ അധ്യയന വർഷം തന്നെ സ്‌കോളർഷിപ്പ് വിതരണം ചെയ്യും. കഴിഞ്ഞ എട്ടുവർഷം ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റ് വിഹിതമായി ലഭിച്ച 500 കോടി രൂപ ചെലവഴിച്ചു. സംസ്ഥാനത്ത് ന്യൂനപക്ഷ യുവജനതയ്ക്കായുള്ള 24 സൗജന്യ പരിശീലന കേന്ദ്രങ്ങൾ അനുവദിച്ചതും 28 ഉപകേന്ദ്രങ്ങൾ തുടങ്ങിയതും എൽഡിഎഫ് സർക്കാരാണ്. ന്യൂനപക്ഷ പോളി വിദ്യാർത്ഥികൾക്കുള്ള ഡോ. എ പി ജെ അബ്ദുൾ കലാം സ്‌കോളർഷിപ്പും നഴ്‌സിങ് ഡിപ്ലോമ, പാരാമെഡിക്കൽ വിദ്യാർഥികൾക്കുള്ള മദർ തെരേസ സ്‌കോളർഷിപ്പും ആരംഭിച്ചു.
കേന്ദ്ര സർക്കാർ ന്യൂനപക്ഷ ക്ഷേമ വിഹിതം വൻതോതിൽ വെട്ടിക്കുറയ്‌ക്കുകയാണ്. ന്യൂനപക്ഷ മന്ത്രാലത്തിനുള്ള ബജറ്റ് വിഹിതം 2022–--23 സാമ്പത്തിക വർഷം 5020 കോടി രൂപയായിരുന്നത് 2024-–-25 ൽ 3097 കോടിയാക്കിച്ചുരുക്കി. പ്രീമെട്രിക് സ്‌കോളർഷിപ്പ്, വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷ എഴുതുന്നതിനുള്ള സഹായം ലഭ്യമാക്കുന്ന ‘നയാ സവേര’ പദ്ധതി എന്നിവയും നിർത്തി. കേന്ദ്ര അവഗണനക്കെതിരെ ചെറുവിരലനക്കാത്തവരാണ് സംസ്ഥാന സർക്കാരിനെതിരെ കള്ളപ്രചാരണവുമായി രംഗത്തുവന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments