മിഥുന്റെ കുടുംബത്തിന് സ്‌കൂൾ മാനേജ്‌മെന്റ് ജോലി കൂടി നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി

പാലക്കാട്: ഷോക്കേറ്റ് മരിച്ച എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതിനൊപ്പം സ്കൂൾ മാനേജ്മെന്റ് ഒരു ജോലി കൂടി കുടുംബത്തിന് നൽകണമെന്ന് മന്ത്രി വി ശിവൻകുട്ടി. വീട് നിർമിച്ച് നൽകാനുള്ള നടപടികൾ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു.
സ്‌കൂൾ സുരക്ഷയ്ക്ക് അടിയന്തര ഓഡിറ്റ് നടത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ജുലൈ 25 മുതൽ 31 വരെ തീയതികളിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ നേരിട്ട് സ്‌കൂളിൽ എത്തി സ്‌കൂളുകളിൽ പരിശോധന നടത്തും. ഇവർ പരിശോധന നടത്തുന്നുണ്ടോ എന്നറിയാൻ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയുണ്ടാകും. പരിശോധന റിപ്പോർട്ടുകൾ വിലയിരുത്താൻ ആഗസ്ത് 12ന് യോഗംചേരും.
അതേസമയം ചൊവ്വാഴ്‌ച മുതൽ ക്ലാസ് പുനഃരാരംഭിക്കും. രാവിലെ ചേരുന്ന സ്‌കൂൾ അസംബ്ലിയിൽ മിഥുന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തും. തുടർന്ന് രണ്ടു ദിവസം ക്ലാസുകളിൽ കുട്ടികൾക്ക് കൗൺസലിങ് നൽകും. മാനേജ്‌മെന്റ്, പിടിഎ, സ്‌റ്റാഫ്‌കമ്മിറ്റി എന്നിവ സംയുക്‌തമായി തിങ്കൾ രാവിലെ 9.30ന് ബോയ്‌സ് ഹൈസ്‌കൂളിൽ അനുശോചന യോഗം ചേരുമെന്ന് മാനേജർ ആർ തുളസീധരൻപിള്ള അറിയിച്ചു.









0 comments