ആഴക്കടൽ മണൽ ഖനനം: ആവശ്യമെങ്കിൽ മത്സ്യത്തൊഴിലാളികളെ അണിനിരത്തി പ്രക്ഷോഭം നടത്തും- മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ആഴക്കടൽ മണൽ ഖനനവും ബ്ലൂ ഇക്കോണമിയും സംസ്ഥാനത്തിന്റെ മത്സ്യമേഖലയെ പൂർണമായും തകർക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് ഭീഷണിയാകുന്നതുമാണെന്ന് മന്ത്രി സജി ചെറിയാൻ. പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കണമെന്നതാണ് സർക്കാരിന്റെ നയം. അതിനുവേണ്ടി ആഴക്കഴൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളികളെ അണിനിരത്തി യോജിച്ച പ്രക്ഷോഭം നടത്തുന്നതും ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
കൊല്ലം ജില്ലയിലെ മൂന്ന് ബ്ലോക്കുകളിലും കൂടി ഏകദേശം 300 ദശലക്ഷം ടൺ മണൽ നിക്ഷേപമുണ്ടെന്നാണ് കേന്ദ്രസർക്കാർ കണ്ടെത്തിയത്. ഖനനം സംബന്ധിച്ച കേന്ദ്ര നയത്തിനെതിരെ പലതവണ പ്രതിഷേധം അറിയിച്ചതാണ്. എന്നാൽ കേന്ദ്രം പിൻമാറിയിട്ടില്ല. ആഴക്കടൽ ഖനനം നടക്കുന്നതോടെ ഈ മേഖലയിൽ വൻകിട കപ്പലുകളുടെ എണ്ണം കൂടും. ഇത് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന ബോട്ടുകൾ അപകടത്തിൽപെടാൻ കാരണമാകും.
സംസ്ഥാനത്ത് പുനർഗേഹം പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്കായി നിർമിക്കുന്ന 1200 ഫ്ലാറ്റുകൾ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതുവരെ 2836 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു. 1366 വീടുകൾ നിർമ്മാണഘട്ടത്തിലാണ്. പദ്ധതിപ്രകാരം 9098 കുടുംബങ്ങളാണ് മാറിത്താമസിക്കാൻ സന്നദ്ധരായതെന്നും അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു.
0 comments