സ്വകാര്യ സർവകലാശാല: സർക്കാരിന്‌ പൂർണ നിയന്ത്രണം

bindu minister
വെബ് ഡെസ്ക്

Published on Mar 25, 2025, 12:00 AM | 1 min read

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുകയാണ് സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. 2025 ലെ കേരള സ്വകാര്യ സർവകലാശാല (സ്ഥാപനവും നിയന്ത്രണവും) ബില്ലിന്മേലുള്ള ചർച്ചക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.


സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിന്റെ പൂർണ നിയന്ത്രണമുണ്ടാകും. ബിൽ സാമൂഹ്യനീതി ഉറപ്പാക്കുന്ന തരത്തിലാണ് രൂപകൽപന ചെയ്തിട്ടുള്ളത്. കേരളത്തിലെ സ്ഥിരം താമസക്കാർക്ക് സർവകലാശാലകളിൽ 40 ശതമാനം സീറ്റുകൾ സംവരണം ചെയ്യും. സ്ഥാപനങ്ങൾ സംസ്ഥാനത്തിന്റെ സംവരണ നയം പാലിക്കും. പട്ടികജാതി–-വർഗ വിദ്യാർഥികൾക്ക് സർക്കാർ പ്രഖ്യാപിക്കുന്ന ഫീസിളവുകൾ നൽകും. വിദ്യാഭ്യാസ മേഖലയിൽ പരിചയസമ്പന്നരായ വിശ്വസനീയ ഏജൻസികൾക്കേ സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിന് അപേക്ഷിക്കാനാകൂ. റെഗുലേറ്ററി ബോഡികൾ നിശ്ചയിച്ച മാർഗനിർദേശം അനുസരിച്ച് സ്വന്തമായി ഭൂമി വേണം. സംസ്ഥാന ട്രഷറിയിൽ 25 കോടി രൂപ കോർപ്പസ് ഫണ്ടായി നിക്ഷേപിക്കണം. വിദഗ്ധ സമിതിയുടെ ശുപാർശപ്രകാരമാണ്‌ അനുമതി നൽകുക.


ഗവേണിങ്‌ കൗൺസിലിൽ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയും സർക്കാർ നാമനിർദേശം ചെയ്യുന്നയാളും അംഗമാകും. വിദ്യാർഥി യൂണിയൻ ഉണ്ടായിരിക്കണം. യുഡിഎഫ് കാലത്ത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഗുണനിലവാരം നഷ്ടപ്പെടുത്തിയപ്പോഴാണ് സ്വകാര്യ സർവകലാശാലകളെ എൽഡിഎഫ് എതിർത്തത്. എൽഡിഎഫ് സർക്കാർ പൊതുസർവകലാശാലകളെ മികച്ചരീതിയിൽ മാറ്റിയെടുത്തു. ഇപ്പോൾ ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ രണ്ടുകാലിൽ തന്റേടത്തോടെ നിൽക്കാനാകുന്ന അവസ്ഥയായി. ഇന്ത്യയിലെ ഏതു സർവകലാശാലകളോടും കിടപിടിക്കാനാകുംവിധം പൊതുവിദ്യാഭ്യാസമേഖല വളർന്നു. ഈ സാഹചര്യത്തിലാണ് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ബില്ലിൽ ചർച്ച പൂർത്തിയായി. ബിൽ പാസാക്കുന്നത് സമയക്കുറവുമൂലം ചൊവ്വാഴ്ചത്തേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home