കൊല്ലത്തിന്‍റെ രാത്രിക്ക് ഇത് എന്തൊരു ചേലാണ്.. വീ പാര്‍ക്ക് ജനങ്ങള്‍ ഏറ്റെടുത്തതില്‍ സന്തോഷമെന്ന് മന്ത്രി റിയാസ്

കൊല്ലം: കൊല്ലത്തിന്റെ വൈകുന്നേരങ്ങൾ ഇന്ന് വീ പാർക്കിനൊപ്പമാണ്. പ്രായഭേദമന്യേ എല്ലാവരും കൂടി ചേരുന്നിടം...ഇന്നലെ ഇവിടൊരു അതിഥിയെത്തി. കൊല്ലത്തിന്റെ ഈ മനോഹര രാത്രികളുടെ അണിയറ ശിൽപ്പി. അതെ കേരളത്തിന്റെ സ്വന്തം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. വീ പാർക്കിന്റെ രാത്രി സൗന്ദര്യം മന്ത്രി നേരിട്ടു കണ്ടറിഞ്ഞു. ജനങ്ങളെല്ലാം വലിയ ഉത്സാഹത്തോടെയാണ് വി പാർക്കിൽ എത്തുന്നത്. പാർക്കിലെത്തിയ ജനങ്ങളോടെല്ലാം മന്ത്രി കുശലം പറഞ്ഞു. യുവാക്കളുമൊത്ത് ഷട്ടിൽ കളിച്ചു. സ്‌കേറ്റിങ് ബോർഡിൽ ബാലൻസ് ചെയ്തു ഓടിവന്ന എട്ടുവയസ്സുകാരി ജിയ ബിനോയോടെയും അഞ്ചുവയസ്സുകാരി ലാമിയ ദീപക്കിന്റെയും അഭ്യാസങ്ങൾ കണ്ടു. പാർക്കിനുള്ളിൽ തയ്യാറാക്കിയിരിക്കുന്ന കഫ്റ്റേരിയകളിൽനിന്ന് ചൂടൻ കട്ടനും രുചിച്ചു. പാർക്കിലെ കലാകാരന്മാരുടെ കൂട്ടായ്മ അസ്ത്ര ബാൻഡിന്റെ പാട്ടിനൊപ്പം താളം പിടിച്ചാണ് മന്ത്രി മടങ്ങിയത്.
കേരളത്തിന്റെ രാത്രികൾ കൂടുതൽ മനോഹരമാക്കുകയാണ് ടൂറിസം വകുപ്പ് വിവിധ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നത്. കാടുപിടിച്ച് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരുന്ന ഇവിടെ ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ദിവസവും ഒത്തുചേരുന്ന സ്പോട്ടായി മാറി. സംസ്ഥാനത്തുടനീളം പത്തോളം സ്ഥലങ്ങളിൽ ഇതേ മാതൃകയിൽ പാർക്കുകൾ നിർമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
''ഇന്നലെ രാത്രിയാണ് കൊല്ലത്ത് എത്തിയത്. വീ പാർക്കിൽ കുറച്ച് സമയം ചിലവഴിച്ചു. രാത്രി 12മണിക്കും പാർക്ക് ജനനിബിഡമാണ്. പാട്ടും, കളികളും, ഭക്ഷണം കഴിക്കലുമായി ജനമാകെ വളരെ പോസിറ്റീവ് വൈബിലാണ്. പാലത്തിനടിയിൽ കാടു പിടിച്ചു കിടന്ന സ്ഥലത്താണ് ഈ അദ്ഭുതകരമായ മാറ്റം! പാലങ്ങൾക്ക് അടിയിൽ വിനോദ കേന്ദ്രങ്ങൾ എന്ന ആശയത്തിൽ സംസ്ഥാനത്തെ ആദ്യത്തെ വീ പാർക്കാണ് കൊല്ലത്ത് ആരംഭിച്ചത്. ജനങ്ങൾ അത് ഏറ്റെടുത്തത്തിൽ അതിയായ സന്തോഷമുണ്ട്..'' മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം, ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഗോപികൃഷ്ണൻ, ജില്ലാ സെക്രട്ടറി കാർത്തിക് ആനന്ദ്, പ്രസിഡന്റ് ആർ ആദർശ്, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എസ് ആർ രാഹുൽ, കേരള ടൂറിസം ഇൻഫ്രാസ്‌ട്രചർ ലിമിറ്റഡ് എംഡി മനോജ് കിനി എന്നിവർ മന്ത്രിക്കൊപ്പമുണ്ടായി.









0 comments