ചാരവൃത്തി പോലൊരു ഗുരുതര വിഷയത്തിൽ മാധ്യമങ്ങൾ ടൂറിസം വകുപ്പിനെ ചേർത്ത് വാർത്ത നൽകിയ രീതി സ്വയം പരിശോധിക്കണം: റിയാസ്

കൊച്ചി: ചാരവൃത്തി ചെയ്യുന്ന ആളാണെന്ന് അറിഞ്ഞുകൊണ്ടല്ല ജ്യോതി മൽഹോത്രയെ കൊണ്ടുവന്നതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നല്ല ലക്ഷ്യത്തോടെയാണ് വ്ളോഗർമാരെ കേരളത്തിൽ കൊണ്ടുവരുന്നത്. ചാരവൃത്തിക്ക് പിടിയിലായ വ്ളോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിൽ വന്നത് സര്‍ക്കാരിന്റെ അതിഥിയായെന്ന ആരോപണത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സർക്കാരും മന്ത്രിമാരും ചാരവൃത്തിക്ക് സഹായം ചെയ്യുന്നവരാണെന്നാണോ നിങ്ങൾ പറയുന്നതെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
'ചാരപ്രവൃത്തിക്ക് വേണ്ടി ആളുകളെ കൊണ്ടുവന്ന് അവർക്ക് വേണ്ട സഹായങ്ങളെല്ലാം ചെയ്യുന്ന സർക്കാരും മന്ത്രിമാരുമാണ് കേരളത്തിലുള്ളതെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എത്രയോ കാലമായി കേരളത്തിൽ എങ്ങനെയാണോ ഇക്കാര്യങ്ങളൊക്കെ കൈകാര്യം ചെയ്യുന്നത് അത്പോലെ തന്നെയാണ് ടൂറിസം വകുപ്പ് ഇപ്പോഴും ചെയ്യുന്നത്. ബോധപൂർവം സർക്കാർ ഒരു ചാരയെ കൊണ്ട് വരുമോ? ചാരവൃത്തി പോലൊരു ഗുരുതര വിഷയത്തിൽ മാധ്യമങ്ങൾ ടൂറിസം വകുപ്പിനെ ചേർത്ത് വാർത്ത നൽകിയ രീതി സ്വയം പരിശോധിക്കണെമന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
0 comments