സമഗ്രമായ അന്വഷണം നടത്തും: തിരുമല അനിലിന്റെ വീട് സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ബിജെപിക്കാരുടെ ചതിയെത്തുടർന്ന് ആത്മഹത്യ ചെയ്ത ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കൂടിയായ കോർപറേഷൻ കൗൺസിലർ തിരുമല അനിലിന്റെ വീട് സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്. അനിലിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച മന്ത്രി എല്ലാ സഹായവും ഉറപ്പ് നൽകി. മേയർ ആര്യ രാജേന്ദ്രനും ഒപ്പമുണ്ടായിരുന്നു. നിയമാനുസൃത സഹായം കുടുംബത്തിന് ലഭ്യമാക്കും. മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ പൊലീസ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. ബിജെപി വാർഡ് കൗൺസിൽ ഓഫീസിലാണ് ശനിയാഴ്ച അനിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ ബിജെപി നേതൃത്വത്തിനെതിരെ പരാമർശമുണ്ടായിരുന്നു.
അനിൽകുമാർ പ്രസിഡന്റായ വലിയശാലയിലെ തിരുവനന്തപുരം ജില്ലാ ഫാം ടൂർ സഹകരണ സംഘത്തിലെ സാമ്പത്തിക പ്രതിസന്ധിയാണ് മരണത്തിന് കാരണം. സാമ്പത്തിക പ്രയാസത്തിൽ പാർടി സഹായിച്ചില്ലെന്നും ഒറ്റപ്പെടുത്തിയെന്നും ആത്മഹത്യ കുറിപ്പിലുണ്ട്. മരണത്തിന് രണ്ട് ദിവസം മുമ്പ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ കണ്ട് സെസൈറ്റിയിലെ പ്രതിസന്ധിയെക്കുറിച്ച് അറിയിച്ചിരുന്നുവെന്നാണ് വിവരം. എന്നാൽ വിഷയത്തിൽ പൂർണമായും കയ്യൊഴിയുന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്.
മരണം റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമപ്രവർത്തകരെ ബിജെപി ക്രൂരമായി ആക്രമിച്ചു. ഏറെ വിവാദങ്ങൾക്ക് ശേഷം അനിലിന്റെ വീട്ടിലെത്തിയ രാജീവ് ചന്ദ്രശേഖറിനെതിരെ അനിലിന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. ബിജെപിയും നേതാക്കളും അനിലിനെ കൊലയ്ക്ക് കൊടുത്തതാണെന്നും വർഷങ്ങളായി പാർടിയിൽ പ്രവർത്തിച്ചിട്ടും ആരും സപ്പോർട്ട് ചെയ്തില്ലെന്നും അനിലിന്റെ ഭാര്യ ആശ വ്യക്തമാക്കിയിരുന്നു.








0 comments