"മോട്ടിവേഷൻ സ്പീച്ച് എന്നപേരിൽ നടത്തുന്ന പലതും അത്ര മോട്ടിവേറ്റിങ് അല്ല, ശാസ്ത്രീയ അടിത്തറയില്ല"

എം ബി രാജേഷ്
തിരുവനന്തപുരം: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് വിദഗ്ധരുടെ സേവനങ്ങൾ സർക്കാർ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ്. എക്സൈസ് വകുപ്പിൽ പരിശീലനം നൽകിയ ഉദ്യോഗസ്ഥർക്ക് പുറമെ സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ഉൾപ്പെടെയുള്ള വിദഗ്ധരും വിമുക്തി പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സ്കൂൾ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിൽ മോട്ടിവേഷൻ സ്പീച്ച് എടുക്കുന്നവരെ ഉൾപ്പെടുത്തുമോ എന്ന അൻവർ സാദത്ത് എംഎൽഎയുടെ ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.
എക്സൈസ് ഉദ്യോഗസ്ഥർ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ അലക്ഷ്യമായി ഇരിക്കുകയാണെന്നും, മോട്ടിവേഷൻ സ്പീച്ച് എടുക്കുന്നർ വരികയാണെങ്കിൽ എല്ലാവരും കേൾക്കുമെന്നുമായിരുന്നു അൻവർ സാദത്തിന്റെ നിർദേശം.
നിർദേശം തള്ളിക്കളയുക അല്ലെന്നും എന്നാൽ, മോട്ടിവേഷൻ സ്പീച്ച് എടുക്കുന്ന എല്ലാവരെയും ഉപയോഗപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി മറുപടി നല്‍കി. പലർക്കും ശാസ്ത്രീയ അടിത്തറയില്ല. അത്ര മോട്ടിവേറ്റിങ് അല്ല പലരുടെയും ക്ലാസുകൾ. ആ രംഗത്തെ വിദഗ്ധരായവരെ ഉപയോഗപ്പെടുത്തുന്നതിൽ തടസമില്ല. ലഹരി വിരുദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ മേഖലയിലെയും വിദഗ്ധരുടെ സമ്മേളനം നടത്തിയിരുന്നു. മികച്ച പ്രതികരണമാണ് അതിൽ ലഭിച്ചത്. എല്ലാ വിദഗ്ധരുടെയും സേവനം നിലവിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും മന്ത്രി മറുപടി നൽകി.









0 comments