രക്തംവാർന്ന് റോഡിൽ കിടന്ന യുവതികൾക്ക് തുണയായി മന്ത്രി കെ എൻ ബാലഗോപാൽ

KN Balagopal
വെബ് ഡെസ്ക്

Published on Mar 29, 2025, 09:34 AM | 1 min read

കൊല്ലം: സ്വകാര്യബസിടിച്ച് റോഡിൽ തെറിച്ചുവീണ സ്കൂട്ടർ യാത്രക്കാരായ യുവതികൾക്കു തുണയായി ധനമന്ത്രി കെ എൻ ബാലഗോപാൽ. കാവനാട്‌ അരവിള സെന്റ്‌ ജോർജ്‌ ഐലൻഡിൽ ജിൻസി സെബാസ്റ്റ്യൻ (33), അരവിള പാളച്ചഴികത്ത്‌ കിഴക്കതിൽ ആൻസി സാംസൺ (31) എന്നിവർക്കാണ്‌ അപകടത്തിൽ സാരമായി പരിക്കേറ്റത്. വെള്ളി പകൽ 12ന്‌ ഹൈസ്‌കൂൾ ജങ്‌ഷനിലെ കൊച്ചുകൊടുങ്ങല്ലൂർ ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.


അരവിളയിൽനിന്ന്‌ കൊല്ലം തുയ്യം പള്ളിയിലേക്ക്‌ പോകുകയായിരുന്നു സുഹൃത്തുക്കളായ ജിൻസിയും ആൻസിയും. ഇവരെ മറികടക്കാൻ ശ്രമിച്ച ചവറ–- ആശ്രാമം റൂട്ടിൽ സർവീസ്‌ നടത്തുന്ന ഉദയ എന്ന സ്വകാര്യബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഈ സമയം സർക്കാരിന്റെ നാലാംവാർഷികവുമായി ബന്ധപ്പെട്ട പരിപാടിയുടെ സ്വാഗതസംഘം രൂപീകരണയോഗം കഴിഞ്ഞ് ജില്ലാ പഞ്ചായത്ത് ഹാളിൽനിന്നു മടങ്ങുകയായിരുന്നു മന്ത്രി കെ എൻ ബാല​ഗോപാൽ. യുവതികൾ രക്തംവാർന്ന് റോഡിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട മന്ത്രി വാഹനം നിർത്തി പുറത്തിറങ്ങി. തുടർന്ന് അതുവഴി വന്ന ഓട്ടോറിക്ഷ നിർത്തിച്ച്‌ പരിക്കേറ്റവരെ ഇതിൽ കയറ്റി ജില്ലാ ആശുപത്രിയിലേക്ക് അയച്ചു.


അപകടത്തിനിടയാക്കിയ സ്വകാര്യ ബസിനെതിരെ നടപടി സ്വീകരിക്കാൻ കൊല്ലം വെസ്റ്റ് പൊലീസിന് മന്ത്രി നിർദേശം നൽകി. വാരിയെല്ല്‌ പൊട്ടിയ ജിൻസിയെയും ദേഹമാസകലം മുറിവേറ്റ ആൻസിയെയും പിന്നീട്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home