പൊതുവിതരണ സംവിധാനം ദുർബലപ്പെടുത്താനുള്ള നീക്കം പ്രതിരോധിക്കും: മന്ത്രി ജി ആർ അനിൽ

g r anil
വെബ് ഡെസ്ക്

Published on Jan 20, 2025, 09:01 PM | 1 min read

തിരുവനന്തപുരം: പൊതുവിതരണ മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതമാർഗം ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടി കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരി സംഘടനാ നേതാക്കളുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.


രാജ്യത്തെ പൊതുവിതരണ സംവിധാനം ദുർബലപ്പെടുത്തി ഭക്ഷ്യധാന്യങ്ങളുടെ വിതരണം പൂർണമായും കോർപറേറ്റ് കുത്തകകളിലേക്ക്‌ എത്തിക്കുന്നതിനുള്ള നീക്കമാണ് കേന്ദ്രത്തിന്റേത്‌. റേഷൻ കാർഡ് ഉടമകൾക്ക് നേരിട്ട് പണം നൽകുന്ന ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (‍ഡിബിടി) പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുർബലപ്പെടുത്തും. ഇതിൽ കേന്ദ്രത്തെ പ്രതിഷേധം അറിയിക്കുമെന്ന്‌ മന്ത്രി പറഞ്ഞു. 27 മുതൽ റേഷൻ വ്യാപാരികൾ പ്രഖ്യാപിച്ച പണിമുടക്കിൽനിന്ന്‌ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


കോവിഡ് സമാശ്വാസ കിറ്റ് നൽകിയ വകയിൽ റേഷൻ വ്യാപാരികൾക്ക് സർക്കാർ നൽകാനുള്ള 13.96 കോടി രൂപ സർക്കാർ അനുവദിച്ച് ഉത്തരവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കേരള റേഷൻ വ്യാപാരി ക്ഷേമനിധി ആക്ടിൽ ആവശ്യമായ ഭേ​ദഗതി വരുത്തി, മെച്ചപ്പെട്ട ആനുകൂല്യം ഉറപ്പുവരുത്തി ക്ഷേമനിധി ശക്തിപ്പെടുത്തുന്ന നടപടി അന്തിമഘട്ടത്തിലാണ്. വ്യാപാരികൾക്ക് ആകർഷണീയമായ വിരമിക്കൽ ആനുകൂല്യ പദ്ധതി ക്ഷേമനിധി കമ്മിറ്റി തയ്യാറാക്കി സർക്കാരിലേക്ക്‌ നൽകിയാൽ അത്‌ പരിഗണിക്കാമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, ജോണി നെല്ലൂർ, സജിലാൽ, കൃഷ്ണപ്രസാദ്, മുഹമ്മദലി, ശശിധരൻ, കാരേറ്റ് സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home