മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായി ഉയര്‍ത്തും: മന്ത്രി ജി ആര്‍ അനില്‍

gr anil super market
വെബ് ഡെസ്ക്

Published on Jan 12, 2025, 09:53 PM | 1 min read

പെരിന്തല്‍മണ്ണ: സംസ്ഥാനത്തെ എല്ലാ മാവേലി സ്‌റ്റോറുകളും കൂടുതല്‍ സൗകര്യമുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാക്കി മാറ്റുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനില്‍. പെരിന്തല്‍മണ്ണ ഏലംകുളത്ത് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 113ാമത്തെ വില്പന ശാലയാണ് ഏലംകുളത്ത് ഉദ്ഘാടനം ചെയ്യുന്നത്. സാമ്പത്തിക പ്രയാസങ്ങളുണ്ടെങ്കിലും ഒരു ഷോപ്പ് പോലും പൂട്ടുകയോ തൊഴിലാളികളെ പിരിച്ചുവിടുകയോ ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


30 മുതല്‍ 40 ലക്ഷം വരെ ആളുകള്‍ പ്രതിമാസം സപ്ലൈകോ ഷോപ്പുകളില്‍ നിന്ന് സബ്‌സിഡി അടക്കമുള്ള ഉത്പന്നങ്ങള്‍ വാങ്ങുന്നുണ്ട്. റേഷന്‍ കടയില്‍ 83 ലക്ഷം കുടുംബങ്ങള്‍ പ്രതിമാസം റേഷന്‍ വാങ്ങുന്നുണ്ട്. വലിയ വിലവര്‍ധനയിലേക്ക് സംസ്ഥാനം പോകാത്തത് സര്‍ക്കാരിന്റെ ഇത്തരം ഇടപെടല്‍ കൊണ്ടാണെന്നും കേരളത്തിന് പുറത്ത് ഒരു സര്‍ക്കാരും വിലക്കയറ്റം നിയന്ത്രിക്കുന്ന കാര്യത്തില്‍ ഇത്രയും ശക്തമായ ഇടപെടലുകള്‍ നടത്തുന്നില്ലെന്നും മന്ത്രി പറഞ്ഞു.


നജീബ് കാന്തപുരം എംഎല്‍എ അധ്യക്ഷത വഹിച്ചു. ഏലംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സുധീര്‍ ബാബു ആദ്യവില്‍പന നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് അനിത പള്ളത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍ വാസുദേവന്‍, നാലകത്ത് ഷൗക്കത്ത്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ പി ഉണ്ണികൃഷ്ണന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ മനോജ്, പഞ്ചായത്തംഗം സമദ് താമരശേരി, കോ-ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റുമാരായ പി ഗോവിന്ദപ്രസാദ്, എം എ അജയന്‍, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ടി ജെ ആശ, ജില്ലാ സപ്ലൈ ഓഫീസര്‍ കെ ജോസി ജോസഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home