വ്യവസ്ഥകൾ കർശനമാവും, റാഗിങ് നിയമപരിഷ്കരണം പരിഗണനയിലെന്ന് മന്ത്രി ആർ ബിന്ദു

R BINDU
വെബ് ഡെസ്ക്

Published on Mar 17, 2025, 12:46 PM | 4 min read

തിരുവനന്തപുരം: കേരളാ റാ​ഗിങ് നിരോധന നിയമം പരിഷ്കരിയ്ക്കണമെന്ന ആവശ്യം പൊതുവിൽ ഉയർന്നു വന്നിട്ടുണ്ടെന്നും കൂടുതൽ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി 1998ലെ കേരള റാഗിങ് നിരോധന ആക്ട് പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണെന്നും മന്ത്രി ആർ ബിന്ദു നിയമസഭയിൽപറഞ്ഞു. എൻ ഷംസുദ്ദീൻ എംഎൽഎ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.


നിലവിലുള്ള കേരള റാ​ഗിങ് നിരോധന ആക്ടിൽ റാഗിങിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിങ് നടത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്. റാഗിങിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരന്തരം ബോധവത്ക്കരണ പരിപാടികളും റാഗിങ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസുകളും പൊലീസിന്റെയും ആന്റി റാഗിങ് സെല്ലുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച് വരുന്നുണ്ട്.


വിദ്യാർഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിങ് തടയാനും പോസിറ്റീവ് ക്യാമ്പസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ റാഗിങ് തടയുന്നതിന്റെ ഭാഗമായി ഹൈക്കോടതി പരാമർശിച്ച യുജിസി റെഗുലേഷൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ആന്റി റാഗിങ് കമ്മിറ്റികളും ആന്റി റാഗിങ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.


മന്ത്രിയുടെ മറുപടിയുടെ പൂർണ്ണരൂപം:


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും UGC REGULATIONS ON CURBING THE MENACE OF RAGGING IN HIGHER EDUCATIONAL INSTITUTIONS, 2009 പ്രകാരം രൂപീകരിച്ചിട്ടുള്ള ഒരു ആൻ്റി റാഗിങ് കമ്മിറ്റി നിലവിലുണ്ട്. ഓരോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെയും, വിദ്യാർത്ഥികളെയും പിടിഎ അംഗങ്ങളെയും സ്ഥലം Station House Officer യും ഉൾപ്പെടുത്തിയാണ് പ്രദേശവാസികളുടെ സഹകരണത്തോടെ ആന്റി റാഗിങ് കമ്മിറ്റികൾ പ്രവർത്തിച്ച് വരുന്നത്. കൂടാതെ, ക്യാമ്പസുകളിലെ റാഗിങിന്റെ പേരിൽ നടത്തി വരുന്ന അതിക്രമങ്ങൾ ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദ്ദേശാനുസരണം 16.07.2009 ലെ സർക്കുലർ 26/2009 പ്രകാരം വ്യക്തമായ നിർദ്ദേശങ്ങൾ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും നൽകിയിട്ടുള്ളതാണ്.


വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിയ്ക്ക് റാഗിങിനെ സംബന്ധിച്ച് ലഭിക്കുന്ന വിവരത്തിൽ ആന്റി റാഗിങ് കമ്മിറ്റി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് മുഖാന്തിരം നിയമ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. റാഗിങ് സംബന്ധിച്ച പരാതികളിൽ പ്രതിസ്ഥാനത്താകുന്നവർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ ആന്റി റാഗിങ് കമ്മിറ്റിയുടെ കൂടി റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ബന്ധപ്പെട്ട സ്ഥാപന മേധാവികൾ സ്വീകരിച്ച് വരുന്നുണ്ട്.


ആരോഗ്യവകുപ്പിന് കീഴിലുള്ള കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ സീനിയർ വിദ്യാർത്ഥികൾ ഈ കോളേജിലെ ജൂനിയർ വിദ്യാർഥിയായ ലിബിനെ ദേഹോപദ്രവം ഏൽപ്പിക്കുകയും റാഗിങിന് വിധേയനാക്കുകയും ചെയ്തു എന്ന പരാതിയിൽ BNS ലെ 118(1), 308(2), 351(1), 3(5), 1998 ലെ കേരള റാഗിങ് നിരോധന ആക്ടിലെ 3, 4 എന്നീ വകുപ്പുകൾ പ്രകാരം ക്രൈം. 229/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതും പ്രതികളെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. പ്രസ്തുത വിദ്യാർഥികളുടെ അഡ്മിഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.


റാഗിങ് തടയുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ വാർഡന്റെ ചുമതലയുള്ള പ്രിൻസിപ്പലിനെയും അസിസ്റ്റന്റ് വാർഡന്റെ ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസറെയും സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ കെയർടേക്കർ/ സെക്യൂരിറ്റിയെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ആന്റി റാഗിങ് സ്ക്വാഡ് ഡ്യൂട്ടി ഫലപ്രദമായി നിർവ്വാഹിക്കാതെ വീഴ്ച വരുത്തിയ അധ്യാപകർക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബഹുമാനപ്പെട്ട അംഗം നോട്ടീസിൽ പരാമർശിക്കുന്നത് പോലെ റാഗിങ് തടയുന്നതിൽ വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ സർവ്വകലാശാലകളോ സർക്കാരോ അലംഭാവം കാണിച്ചിട്ടില്ല. അതുപോലെ തന്നെ ഭരണകക്ഷിയുടെ സഹായം പ്രതികൾക്ക് ലഭിക്കുന്നു എന്ന ബഹുമാനപ്പെട്ട അംഗത്തിന്റെ പരാമർശം വസ്തുതാ വിരുദ്ധമാണ്.


മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വയനാട് ജില്ലയിലെ പൂക്കോട് കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസ് യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വർഷ BVSC & AH വിദ്യാർഥിയായ സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ക്രിമിനൽ നടപടിക്രമം 174 വകുപ്പ് പ്രകാരം ക്രൈം. 77/2024 ആയി കേസ് രജിസ്റ്റർ ചെയ്തിരുന്നു. മരണപ്പെട്ട സിദ്ധാർത്ഥൻ റാഗിങിന് വിധേയനായതായി പരാതി ലഭിച്ചതിനെ തുടർന്ന് ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തെ തുടർന്ന് ക്രിമിനൽ നടപടി ക്രമം 174 വകുപ്പ് കുറവ് ചെയ്തിട്ടുള്ളതും IPC 120 (B) 341, 323, 324 342 355, 306, 34, 1998 ലെ കേരള റാഗിംഗ് നിരോധന ആക്ടിലെ 3, 4 എന്നീ വകുപ്പുകൾ കൂട്ടിച്ചേർക്കുകയും കേസിൽ ഉൾപ്പെട്ട 20 പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണം വയനാട് ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടന്നു വരവെ അന്വേഷണം സിബിഐയെ ഏൽപ്പിക്കമെന്ന സിദ്ധാർത്ഥന്റെ മാതാപിതാക്കളുടെ ആവശ്യപ്രകാരം അന്വേഷണം സിബിഐക്ക് കൈമായിട്ടുണ്ട്.


തിരുവനന്തപുരം കാര്യവട്ടം സർക്കാർ കോളേജിലെ വിദ്യാർഥിയായ ബിൻസ് ജോസിന്റെ റാംഗിങിന് വിധേയനാക്കപ്പെട്ടു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പൊലീസ് BNS ലെ 189(2), 191(2), 190, 115(2), 191(3), 126(2), 127(2), 118(1), 1998 ലെ കേരള റാഗിങ് നിരോധന ആക്ടിലെ 3, 4 എന്നീ വകുപ്പുകൾ പ്രകാരം ക്രൈം നം : 260/2025 ആയി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലെ പ്രതികളായ ഏഴു വിദ്യാർഥികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ച് വരുന്നുണ്ട്.


റാഗിങിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിരന്തരം ബോധവത്ക്കരണ പരിപാടികളും റാഗിങ് വിരുദ്ധ നിയമത്തെ കുറിച്ചുള്ള ക്ലാസുകളും പൊലീസിന്റെയും ആന്റി റാഗിങ് സെല്ലുകളുടെയും മേൽനോട്ടത്തിൽ സംഘടിപ്പിച്ച് വരുന്നുണ്ട്. വിദ്യാർഥികൾക്ക് സുരക്ഷിതവും ഭയരഹിതവുമായ അന്തരീക്ഷം സൃഷ്ടിക്കാനും റാഗിങ് തടയാനും പോസിറ്റീവ് ക്യാമ്പസ് സംസ്കാരം പ്രോത്സാഹിപ്പിക്കാനും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ റാഗിങ് തടയുന്നതിന്റെ ഭാഗമായി ബഹുമാനപ്പെട്ട ഹൈക്കോടതി പരാമർശിച്ച യുജിസി റെഗുലേഷൻ നിർദ്ദേശിക്കുന്ന വിധത്തിലുള്ള ആന്റി- റാഗിങ് കമ്മിറ്റികളും ആന്റി- റാഗിങ് സ്ക്വാഡുകളും രൂപീകരിച്ചിട്ടുണ്ട്.


കോളേജിൽ പ്രവേശനം നേടുന്ന അവസരത്തിൽ തന്നെ റാഗിങ് നടത്തുകയോ റാഗിംഗിന് പിന്തുണ നൽകുകയോ ചെയ്യില്ല എന്നുള്ള സത്യവാങ്മൂലം വിദ്യാർത്ഥിയുടെയും രക്ഷകർത്താവിന്റെയും ഒപ്പുവച്ച് ശേഖരിച്ച് കോളേജുകളുടെ ഓഫീസുകളിൽ സൂക്ഷിക്കാറുണ്ട്. എല്ലാ കോളേജ് ക്യാമ്പസുകളുടെയും വിവിധ ഭാഗങ്ങളിലായി റാഗിങ് നിരോധിച്ചുകൊണ്ടുള്ള അറിയിപ്പും റാഗിങ് നടത്തുന്നവർക്ക് ലഭിക്കാവുന്ന ശിക്ഷാനടപടികളെ കുറിച്ചുള്ള മുന്നറിയിപ്പുകളും പ്രദർശിപ്പിച്ചിട്ടുണ്ട്.


നിലവിലുള്ള 1998 ലെ കേരള റാഗിങ് നിരോധന ആക്ടിൽ റാഗിംഗിനെതിരെ അതിശക്തമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയിട്ടുണ്ട്. റാഗിങ് നടത്തിയതായി തെളിയിക്കപ്പെട്ടാൽ രണ്ടു വർഷം വരെ തടവ് ശിക്ഷയും 10,000 രൂപ പിഴയും വരെ ലഭിക്കാവുന്നതാണ്. കേരളാ റാഗിങ് നിരോധന നിയമം പരിഷ്കരിയ്ക്കണമെന്ന ആവശ്യം പൊതുവിൽ ഉയർന്നു വന്നിട്ടുണ്ട്. കൂടുതൽ കർക്കശമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി 1998 ലെ കേരള റാഗിംഗ് നിരോധന ആക്ട് പരിഷ്കരിക്കുന്ന കാര്യം പരിശോധിക്കാവുന്നതാണ്.




deshabhimani section

Related News

View More
0 comments
Sort by

Home