കടുത്ത തൊഴിൽചൂഷണം ; കിറ്റെക്‌സിൽ കൂലിവർധന ആവശ്യപ്പെട്ട്‌ 
അതിഥിത്തൊഴിലാളി പ്രതിഷേധം

migrant workers protest in kitex
വെബ് ഡെസ്ക്

Published on Jun 14, 2025, 12:30 AM | 1 min read


കിഴക്കമ്പലം

ന്യായമായ വേതനം ആവശ്യപ്പെട്ട്‌ കിഴക്കമ്പലം കിറ്റെക്സ് കമ്പനിക്കുമുന്നിൽ അതിഥിത്തൊഴിലാളികളുടെ കൂട്ടപ്രതിഷേധം. ഉദ്ദേശം 250 തൊഴിലാളികളാണ് കൂലിവർധനയും തൊഴിൽ കരാറും ആവശ്യപ്പെട്ട്‌ പ്രതിഷേധിച്ചത്. വ്യാഴാഴ്ച പണിമുടക്കി പ്രതിഷേധിച്ചിട്ടും ഫലം കാണാത്തതിനാലാണ്‌ വെള്ളി രാവിലെ കമ്പനിക്കുമുന്നിൽ വൻപ്രതിഷേധം ഉയർത്തിയത്‌. സ്ത്രീത്തൊഴിലാളികളടക്കം മുദ്രാവാക്യം വിളിച്ച് സമരത്തിൽ പങ്കുചേർന്നു. തൊഴിലാളികളുടെ ആവശ്യം ചർച്ച ചെയ്യാമെന്നു പറഞ്ഞ്‌ മാനേജ്മെന്റ് പ്രതിനിധികൾ അനുനയിപ്പിച്ചതോടെ ഉച്ചയോടെ സമരം അവസാനിപ്പിച്ചു. കിഴക്കമ്പലത്തെ കിറ്റെക്‌സ്‌ കമ്പനിയിൽ തൊഴിലെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും ഒഡിഷ, അസം, നാഗാലാൻഡ്‌ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. പ്രധാന ചുമതലകളിൽമാത്രമാണ്‌ മലയാളികളുള്ളത്‌. അതിഥിത്തൊഴിലാളികളിൽ പലർക്കും ആറുമാസത്തെ താൽക്കാലിക ജോലിയാണ് നൽകുന്നത്. 10,000 രൂപയാണ് മാസശമ്പളം.


സ്ഥിരം ജോലി നൽകാൻ തയ്യാറാകാതെ തുച്ഛശമ്പളംമാത്രം നൽകി പണിയെടുപ്പിക്കുന്നതാണ്‌ ഇവിടത്തെ രീതിയെന്ന്‌ തൊഴിലാളികൾ പറഞ്ഞു. ആറുമാസം ജോലി പൂർത്തിയാക്കിയവരെ പിരിച്ചുവിട്ട്‌ അടുത്ത ബാച്ച്‌ തൊഴിലാളികളെ നിയോഗിക്കും. കരാർ പുതുക്കി അഞ്ചുവർഷത്തിലധികമായി ജോലിയെടുക്കുന്നവർക്കും കൂലി വർധിപ്പിച്ചിട്ടില്ല. കൂലിവർധന ആവശ്യപ്പെടുന്നവരെ അപ്പോൾത്തന്നെ പിരിച്ചുവിടുകയാണ്‌ പതിവെന്നും തൊഴിലാളികൾ പറഞ്ഞു.


കിറ്റെക്‌സ്‌ കമ്പനി മാനേജ്‌മെന്റിന്റെ തൊഴിൽചൂഷണത്തിനെതിരെ വ്യാപകപരാതി ഉയരുന്നത് ആദ്യമായല്ല. നേരത്തേ ഉയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസറടക്കമുള്ള ഉദ്യോഗസ്ഥർ കമ്പനിയിൽ പരിശോധന നടത്തിയിരുന്നു. ആറുമാസത്തേക്കുമാത്രമേ ഇവിടെ നിയമനം നടത്തുന്നുള്ളൂവെന്നും സേവന–-വേതന വ്യവസ്ഥകളില്ലെന്നും രേഖകൾ സൂക്ഷിക്കുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഏറ്റവും മോശം സാഹചര്യത്തോടെയാണ്‌ തൊഴിലാളികളെ പാർപ്പിക്കുന്നതെന്നും കണ്ടെത്തി. തുടർന്ന്‌ തൊഴിൽവകുപ്പിനും സംസ്ഥാന സർക്കാരിനുമെതിരെ കമ്പനി എംഡി സാബു ജേക്കബ് രംഗത്തുവന്നിരുന്നു. ഇത്തരം നടപടികൾ തുടർന്നാൽ കമ്പനി തെലങ്കാനയിലേക്ക് കൊണ്ടുപോകുമെന്നും പ്രഖ്യാപിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home