‘സൂക്ഷിക്കണം, ഇവൻ കവിതയെഴുതിക്കളയും’

MGS NARAYANAN
വെബ് ഡെസ്ക്

Published on Apr 27, 2025, 03:33 AM | 2 min read

കൗമാരത്തിൽ കവിതയെഴുത്തും ചിത്രരചനയും മറ്റുമുണ്ടായിരുന്നു എം ജി എസിന്‌. സാഹിത്യകാരനും കവിയുമായി അറിയപ്പെടാനാണ്‌ ആഗ്രഹിച്ചത്‌. പരപ്പനങ്ങാടിയിൽ അമ്മവീട്ടിൽ താമസിച്ചായിരുന്നു പ്രാഥമികവിദ്യാഭ്യാസം. മുത്തച്ഛന്‌ രാമായണവും ഭാരതവും കൃഷ്‌ണപ്പാട്ടും വേദാന്തഗ്രന്ഥങ്ങളും മറ്റും വായിച്ചുകൊടുക്കുന്നത്‌ എം ജി എസിന്റെ പണിയായിരുന്നു. മുത്തച്ഛൻ അതൊക്കെ വ്യാഖ്യാനിച്ച്‌ പറഞ്ഞുകൊടുക്കും. അങ്ങനെയാണ്‌ കാവ്യാസ്വാദനത്തിൽ പരിശീലനവും പുരാണേതിഹാസങ്ങളുമായി പരിചയവുമായത്‌. സംസ്‌കൃത ഭാഷാബന്ധവും വളർന്നു.

പൊന്നാനിയിൽ അച്ഛന്റെ വീട്ടിൽനിന്നായിരുന്നു ഹൈസ്‌കൂൾ പഠനം. അക്കാലത്താണ്‌ വായനയുടെ ലോകം വിപുലമായത്‌.


മേമ (അച്ഛന്റെ ചേച്ചി) ജാനകിയമ്മ തൃക്കാവ്‌ ഗേൾസ്‌ ഹയർ എലിമെന്ററി സ്‌കൂളിലെ ഹെഡ്‌മിസ്‌ട്രസായിരുന്നു. അവധിദിനങ്ങളിൽപ്പോലും സ്‌കൂളിൽ പോയിരുന്ന അവർക്കൊപ്പം പോകുമായിരുന്ന എം ജി എസ്‌ ലൈബ്രറിയിലെ പഴയ പുസ്‌തകങ്ങളും ആഴ്‌ചപ്പതിപ്പുകളുമെല്ലാം എടുത്ത്‌ വായിച്ചുകൊണ്ടിരിക്കും. ആശാൻകവിതകൾ പരിചയപ്പെട്ടത്‌ അക്കാലത്താണ്‌. കേസരിയുടെ ചരിത്രലേഖനങ്ങളും യൂറോപ്യൻ ചിത്രകലയെപ്പറ്റിയുള്ള ഉപന്യാസങ്ങളും കുട്ടിക്കൃഷ്‌ണമാരാരുടെയും മുണ്ടശേരിയുടെയും സാഹിത്യനിരൂപണങ്ങളും മറ്റും വായിച്ചാണ്‌ സാഹിത്യതാൽപ്പര്യം വളർന്നത്‌. ഇന്റർമീഡിയറ്റ്‌ പഠനകാലത്ത്‌ പറവൂരിലെത്തി കേസരിയെ കണ്ടു.


ഒരിക്കൽ രസകരമായ ഒരു സംഭവമുണ്ടായി. കവിതയിൽ സ്കൂൾ മത്സരത്തിൽ സമ്മാനം കിട്ടി സന്തോഷിച്ചിരിക്കുമ്പോഴാണ്‌ കുടുംബസുഹൃത്തായ കവി ഇടശ്ശേരി ഗോവിന്ദൻനായർ വീട്ടിലേക്ക്‌ വന്നത്‌. ‘എടോ നിന്റെ മേമയെ വിളിക്ക്‌’ എന്ന്‌ നിർദേശിച്ച ഇടശ്ശേരി, ജാനകിയമ്മ വന്നപ്പോൾ പറഞ്ഞു: ‘‘ഇവനെ സൂക്ഷിക്കണം, ഇവൻ കവിതയെഴുതിക്കളയും’’. ശങ്കരനാരായണൻ കവിതയെഴുതും എന്ന രഹസ്യം വീട്ടിലറിഞ്ഞത്‌ അതോടെയാണ്‌. ആ കവിതാമത്സരത്തിന്റെ വിധികർത്താവ്‌ ഇടശ്ശേരിയായിരുന്നു (ഇടശ്ശേരിയുടെ ഷഷ്‌ഠിപൂർത്തിയോടനുബന്ധിച്ച്‌ അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത കവിതകൾ പ്രസിദ്ധീകരിച്ചപ്പോൾ അതിന്‌ അവതാരിക എഴുതിയത്‌ എം ജി എസാണ്‌. അന്ന്‌ ഗുരുവായൂരപ്പൻ കോളേജിൽ ചരിത്രാധ്യാപകനായിരുന്നു അദ്ദേഹം).


അങ്ങനെ എം ജി എസ്‌ നൂറുനൂറു കവിതകൾ എഴുതി. ചിലത്‌ പ്രസിദ്ധീകരിക്കാൻ അയച്ചുകൊടുത്തു. എട്ടുപത്തെണ്ണം അച്ചടിച്ചുവന്നു. എം ഗോവിന്ദൻ പത്രാധിപരായ ‘മദ്രാസ്‌ പത്രിക’ എന്ന സർക്കാർ മാസികയിൽ പ്രസിദ്ധീകരിച്ച പ്രകൃതിവർണനപരമായ കവിതയാണ്‌ ആദ്യത്തേത്‌. എന്നാൽ, വികാരജീവിയല്ലാത്ത തന്നിൽ ഭാവനയേക്കാൾ യുക്തിയും ബുദ്ധിയും ആണ്‌ പ്രവർത്തിക്കുന്നത്‌ എന്ന്‌ തിരിച്ചറിഞ്ഞ്‌ സർഗസാഹിത്യത്തിൽനിന്ന്‌ പിന്നീട്‌ പിൻവാങ്ങുകയായിരുന്നു. സാഹിത്യനിരൂപണം തുടർന്നും എഴുതുമായിരുന്നു. പത്രാധിപന്മാരുടെ

ആവശ്യമനുസരിച്ച്‌ യൗവനകാലത്ത്‌ വിശേഷാൽപ്രതികളിൽ സാംസ്‌കാരിക–-സാഹിത്യ–-രാഷ്‌ട്രീയ ലേഖനങ്ങളും എഴുതുമായിരുന്നു.


പരപ്പനങ്ങാടിയിലെ സ്‌കൂൾ പഠനകാലത്ത്‌ അവിടത്തെ നായർ വീടുകളിലെ രവിവർമച്ചിത്രങ്ങൾ കണ്ടാണ്‌ ചിത്രകലയിൽ കമ്പം തുടങ്ങിയത്‌. പിന്നീട്‌ പൊന്നാനി ഹൈസ്‌കൂളിൽ പഠിക്കുമ്പോൾ അവിടത്തെ ചിത്രകലാ അധ്യാപകന്റെ പ്രോത്സാഹനവും ലഭിച്ചു. കുട്ടിക്കൃഷ്‌ണമാരാരുടെ മകനും വരയിൽ കൂട്ടുണ്ടായിരുന്നു. എന്നാൽ, ഇവരെ ചെറുതാക്കാൻ മറ്റു കുട്ടികൾ പൊന്നാനിയിൽ തന്നെയുള്ള കരുവാട്ട്‌ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയുടെ കാര്യം പറഞ്ഞതാണ്‌ വഴിത്തിരിവായത്‌. സത്യമറിയാൻ നമ്പൂതിരിയുടെ ഇല്ലം തപ്പിപ്പിടിച്ച്‌ ചെന്നപ്പോൾ അവിടെ അരമതിലിലെ കളിമൺ ശിൽപ്പങ്ങളും ചുവരിൽ കരികൊണ്ട്‌ വരച്ച ചിത്രങ്ങളും കണ്ട്‌ അത്ഭുതപ്പെട്ടു. വരയിൽ പിന്നീട് പ്രശസ്തനായ സാക്ഷാൽ നമ്പൂതിരിയുടെ കേമത്തം അംഗീകരിച്ച്‌ അടിയറവുപറഞ്ഞ്‌ വര അവസാനിപ്പിച്ചു. ഇതുപോലെതന്നെയാണ്‌ പിന്നീട്‌ കവിതയോടും സലാംപറഞ്ഞത്‌.



deshabhimani section

Related News

View More
0 comments
Sort by

Home