ലീഗിന്റെ വീട് നിർമാണത്തിനെതിരെ മേപ്പാടി പഞ്ചായത്തിന്റെ നോട്ടീസ്

കൽപ്പറ്റ: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കെട്ടിട നിർമാണ ചട്ടങ്ങൾക്ക് വിരുദ്ധമായി ആരംഭിച്ച മുസ്ലീംലീഗിന്റെ ഭവന നിർമാണത്തിനെതിരെ മേപ്പാടി പഞ്ചായത്ത് നോട്ടീസ് നൽകി. പ്ലോട്ട് വിഭജനത്തിനായി നൽകിയ അനുമതി ഉപയോഗിച്ച് കെട്ടിടം നിർമിക്കാൻ ആരംഭിച്ചതോടെയാണ് യുഡിഎഫ് ഭരണ സമിതിയുള്ള മേപ്പാടി പഞ്ചായത്ത് സ്ഥലത്തിന്റെ ഉടമയായ ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾക്ക് നോട്ടീസ് അയച്ചത്.
തൃക്കൈപ്പറ്റ വെള്ളിതോടിൽ തോട്ടഭൂമിവാങ്ങി അനധികൃതമായി തരംമാറ്റി, നേതാക്കൾ കോടികൾ തട്ടിയെന്ന ആരോപണം നേരിടുന്ന ഭൂമിയിലെ നിർമാണത്തിനാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്. ലീഗ് വാങ്ങിയത് നിർമാണാനുമതിയില്ലാത്ത ഭൂമിയാണെന്ന് വില്ലേജ് ഓഫീസർ ലാൻഡ് ബോർഡിന് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് ഭൂമി ഇടപാടിലെ കൊള്ള പുറത്തുവന്നിരുന്നു.
സെന്റിന് 15,000 രൂപയ്‌ക്കുപോലും തോട്ടഭൂമി ലഭിക്കുന്ന പ്രദേശത്ത് 98,000 മുതൽ 1.22 ലക്ഷം രൂപവരെ ലീഗ് മുടക്കി. പി കെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവും വീട് നിർമാണ സമിതി അംഗവുമായ അഭിഭാഷകൻ കല്ലങ്കോടൻ മൊയ്‌തുവടക്കം അഞ്ചുപേരിൽനിന്നാണ് ഭൂമി വാങ്ങിയിരുന്നത്. ദുരന്തബാധിതരായ 105 പേർക്ക് വീട് നിർമിച്ചു നൽകുമെന്നാണ് വാഗ്ദാനം.









0 comments