കരാർക്കമ്പനിക്ക് കേന്ദ്രവുമായി ചങ്ങാത്തം

എൻ കെ സുജിലേഷ്
Published on May 23, 2025, 01:49 AM | 1 min read
കണ്ണൂർ
ചെങ്കള -നീലേശ്വരം, നീലേശ്വരം –തളിപ്പറമ്പ് റീച്ചിലെ ദേശീയപാത നിർമാണക്കരാറെടുത്ത മേഘ എൻജിനിയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ, ബിജെപിക്ക് 980 കോടി രൂപ ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനി. മഴ തുടങ്ങുമ്പോഴേക്കും തളിപ്പറമ്പ് കുപ്പത്ത് മണ്ണിടിഞ്ഞതിനും വീടുകൾ അപകടാവസ്ഥയിലായതിനും കാരണം തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിയുടെ അശാസ്‌ത്രീയ നിർമാണരീതിയാണ്. ചെറുവത്തൂർ മേഖലയിലും അപകടഭീഷണിയുണ്ട്.
18 വർഷംമുമ്പ് പത്ത് എച്ച്‌പി മോട്ടോർ വിതരണം തുടങ്ങിയ കമ്പനി നിലവിൽ കെട്ടിടനിർമാണ, കുടിവെള്ള, ഗതാഗത, വൈദ്യുതി മേഖലകളിലും പ്രവർത്തിക്കുന്നു. തെലങ്കാനയിലെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയിൽ മേഘ എൻജിനിയറിങ് കമ്പനി 38,000 കോടിയുടെ വെട്ടിപ്പ് നടത്തിയതായി സിഎജി കണ്ടെത്തിയിരുന്നു. കേന്ദ്രസർക്കാർ വിൽപ്പനയ്‌ക്കുവച്ച പൊതുമേഖലാ സ്ഥാപനമായ പാലക്കാട് കഞ്ചിക്കോട്ടെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) വാങ്ങുന്നതിന് തെരഞ്ഞെടുക്കപ്പെട്ട രണ്ട് കമ്പനികളിലൊന്ന് മേഘയായിരുന്നു. വാഹനനിർമാണത്തിലോ ഇരുമ്പുരുക്ക് വ്യവസായത്തിലോ പ്രവർത്തനപരിചയമില്ലാത്ത കമ്പനി ബെമൽ വിൽപ്പനയുടെ അന്തിമ പട്ടികയിൽ ഇടംനേടിയത് ചർച്ചയായിരുന്നു. ഡൽഹി, പഞ്ചാബ്, ജമ്മു കശ്‌മീർ, ബിഹാർ, മഹാരാഷ്‌ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ദേശീയപാത അതോറിറ്റിയുടെ എക്‌സ്‌പ്രസ് ഹൈവേ, ദേശീയപാത പദ്ധതികളിലും മേഘയ്‌ക്ക് കരാർ ലഭിച്ചിട്ടുണ്ട്. കേരളത്തിലെ അടുത്തടുത്ത രണ്ട് റീച്ചുകളുടെ കരാർ മേഘയ്‌ക്ക് ലഭിച്ചതിലും ദുരൂഹതയുണ്ട്.
ചെറുവത്തൂർ വീരമലക്കുന്നിലും മട്ടലായിക്കുന്നിലും ചെർക്കള ബേവിഞ്ചയിലും കമ്പനിയുടെ അശാസ്‌ത്രീയ നീർമാണരീതിക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. മട്ടലായിക്കുന്നിൽ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് അതിഥിത്തൊഴിലാളി മരിച്ചിരുന്നു. നിർമാണത്തിനിടെ പെരിയ ജങ്‌ഷനിലെ അടിപ്പാത തകർന്ന് ഒരാൾക്ക് പരിക്കേറ്റു. വാർപ്പിനിടെയായിരുന്നു അപകടം. അശാസ്‌ത്രീയമായ മണ്ണെടുപ്പും വെള്ളം ഒഴുകിപ്പോകാനുള്ള സംവിധാനം ഒരുക്കാത്തതുമാണ് കുപ്പത്തും ചെറുവത്തൂരിലും അപകടമുണ്ടാക്കിയത്. മണ്ണെടുത്തശേഷം കൃത്യമായി സംരക്ഷണഭിത്തി ഒരുക്കിയതുമില്ല. സിമന്റുപയോഗിച്ചുള്ള പ്ലാസ്‌റ്ററിങ് മാത്രമാണ് ഇത്തരം സ്ഥലങ്ങളിൽ നടത്തുന്നത്.









0 comments