അൽപം മനുഷ്യത്വം കാണിച്ചുകൂടേ; മിഥുന്റെ അമ്മയെ വളഞ്ഞ് മാധ്യമങ്ങൾ; രൂക്ഷവിമർശനം

midhun's mother suja's arrival

മിഥുന്റെ അമ്മ സുജ വിമാനത്താവളത്തിലെത്തിയപ്പോൾ ചുറ്റുംകൂടിയ മാധ്യമങ്ങൾ

വെബ് ഡെസ്ക്

Published on Jul 19, 2025, 02:53 PM | 1 min read

കൊച്ചി: വൈദ്യുതാഘാതമേറ്റ് മരണമടഞ്ഞ മകൻ മിഥുന്റെ സംസ്കാരചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അമ്മയെ വിമാനത്താവളത്തിൽ വളഞ്ഞ മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനം. മകന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ നെഞ്ചുലഞ്ഞ് നെടുമ്പാശേരി വിമാനത്താവളത്തിൽ ശനി രാവിലെ 9നാണ് അമ്മ സുജ വിദേശത്ത് നിന്നും എത്തിയത്. സുജ എത്തിയത് മുതൽ വിടാതെ പിന്തുടരുകയായിരുന്നു ചാനൽ കാമറകൾ. സുജയ്ക്ക് മുന്നോട്ട് നീങ്ങാൻ പോലുമാകാത്ത വിധം കാമറകളും മൈക്കുമായി മാധ്യമങ്ങൾ പൊതിഞ്ഞു. ഒരു ഘട്ടത്തിൽ കൂടെയുണ്ടായിരുന്ന ബന്ധുവിന് മാധ്യമങ്ങളോട് മാറിനിൽക്കാൻ പറയേണ്ടിവരെവന്നു.


സുജയുടെ പ്രതികരണം തേടില്ലെന്ന് പറഞ്ഞ മാധ്യമങ്ങളുൾപ്പെടെ ഓരോ നിമിഷവും തത്സമയം പകർത്തിക്കൊണ്ടിരുന്നു. ഇളയമകനെ കണ്ടയുടനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു സുജ. ഈ വൈകാരികരം​ഗം പകർത്താൻ മാധ്യമങ്ങൾ കാട്ടിയ തിക്കുംതിരക്കും വ്യാപക വിമർശനമാണ് ഉയർത്തിയിട്ടുള്ളത്. സുജയ്ക്ക് ചുറ്റും ജനപ്രതിനിധികളും പൊലീസും ഉണ്ടായിട്ടും മാറിനിൽക്കാൻ പോലും പല മാധ്യമങ്ങളും തയ്യാറായില്ല. ഏറെ പണിപ്പെട്ടാണ് കാറിൽ കയറി നാട്ടിലേക്ക് പോകാൻ സുജയ്ക്കായത്.


ASIANET FB COMMENTSസുജ വിമാനത്താവളത്തിലെത്തിയ വീഡിയോകൾക്കുള്ള പ്രതികരണങ്ങളിൽ ചിലത്


തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായ മിഥുൻ വ്യാഴാഴ്ചയാണ് ഷോക്കേറ്റ് മരിച്ചത്. സ്കൂളിലെ സൈക്കിൾ ഷെഡിന് മുകളിൽ ചെരുപ്പ് എടുക്കാൻ കയറിയപ്പോഴായിരുന്നു അപകടം. ഷീറ്റിൽനിന്ന് തെന്നിയപ്പോൾ മുകളിലുള്ള ത്രീഫേസ്‌ ലൈനിൽ പിടിച്ചതാണ്‌ അപകടകാരണം. ബഹളംകേട്ട്‌ ഓടിക്കൂടിയ അധ്യാപകരും മറ്റും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


ശനി രാവിലെ സ്കൂളിൽ നടന്ന പൊതുദർശനത്തിൽ സഹപാഠികളും അധ്യാപകരും മിഥുന് വിട നൽകി. സംസ്കാരച്ചടങ്ങുകൾ വൈകിട്ട് നാലിന് മിഥുന്റെ വീടായ പടിഞ്ഞാറെ കല്ലട വിളന്തറ മനുഭവനത്തില്‍ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Home