കേന്ദ്ര ബജറ്റ് ‘വരുമാനന്ദം’ ; കേരള ബജറ്റ് ‘ജിം ഭും ഭാ’ ; മാധ്യമങ്ങൾക്ക് ഇരട്ടത്താപ്പ്

തിരുവനന്തപുരം : നാളെയുടെ വികസനം ലക്ഷ്യമിട്ട് പദ്ധതികൾ പ്രഖ്യാപിച്ചിട്ടും സംസ്ഥാന ബജറ്റിനെ ഗൗരവത്തിലെടുക്കാതെ ചില മാധ്യമങ്ങൾ. ആറുദിവസം മുമ്പ് കേരളത്തെ പൂർണമായും അവഗണിച്ച കേന്ദ്ര ബജറ്റിനെ ‘വരുമാനന്ദം’, ‘ആദായമധുരം’, ‘ലക്ഷ്‌മീകടാക്ഷം’ എന്നിങ്ങളെ തലക്കെട്ടിട്ട് വാർത്തകൾ നൽകി ആഘോഷിച്ചവരാണ് വളർച്ചയെ ലക്ഷ്യമിട്ടുള്ള ബജറ്റിലെ മികച്ച നിർദേശങ്ങൾ മറച്ചുവച്ചത്.
കുറച്ചുപേർക്കു മാത്രം ലഭിക്കുന്ന ആദായനികുതി ഇളവിന്റെ മറപിടിച്ചായിരുന്നു മാധ്യമങ്ങൾ നിർമല സീതാരാമന്റെ ബജറ്റിനെ ശ്ലാഘിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങൾക്കുവേണ്ടി ഒന്നും നീക്കിവച്ചില്ലെന്നതും കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നതും പ്രശ്‌നമേയായില്ല. വർഷം 1.74 ലക്ഷം കോടിയിലേറെ രൂപ സംസ്ഥാന വികസനത്തിനായി ചെലവിടുമ്പോഴും സർക്കാർ 646 കോടിയുടെ നികുതി വർധനമാത്രമാണ് കഴിഞ്ഞദിവസം മന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിലൂടെ പ്രത്യക്ഷമായി പ്രതീക്ഷിക്കുന്നത്. വർഷങ്ങളായി വർധിപ്പിക്കാത്ത ഭൂനികുതിയിൽ 50 ശതമാനം വർധന വരുത്തുന്നു എന്നതിനെ പെരുപ്പിച്ച് കാണിച്ച് നികുതിഭാരമെന്നും വിശേഷിപ്പിക്കുന്നു. ഭൂനികുതിയിൽ ചെറിയ മാറ്റം വരുത്തുന്നതോടെ 100 കോടി മത്രമാണ് അധികം ലഭിക്കുക.
കേന്ദ്രബജറ്റിനെ ‘വരുമാനന്ദം’ എന്ന് വിശേഷിപ്പിച്ച മനോരമയ്‌ക്ക് സംസ്ഥാന ബജറ്റ് ‘ജിം ഭും ഭാ’ ആണ്. യുഡിഎഫ് സർക്കാർ ഒന്നരവർഷം നൽകാതിരുന്ന ക്ഷേമപെൻഷൻ 1600 രൂപയാക്കിയ എൽഡിഎഫ് സർക്കാരിന്റെ ബജറ്റിനെ ‘ഭൂം’ എന്നാണ് മനോരമ വിശേഷിപ്പിക്കുന്നത്. മൂന്നു മാസത്തെ പെൻഷൻ ഉടൻ നൽകാൻ 3000 കോടി രൂപ അനുവദിച്ചതിനെയും അവഗണിച്ചു.
0 comments