സ്വയം ‘ആശ്വാസം’ കൊള്ളുന്ന മാധ്യമവേട്ട

media hunt
avatar
സി കെ ദിനേശ്‌

Published on Mar 30, 2025, 02:10 AM | 1 min read


തിരുവനന്തപുരം : എക്‌സാലോജിക്‌ കമ്പനിക്കെതിരെ വിജിലൻസ്‌ അന്വേഷണം ആവശ്യപ്പെട്ട ഹർജിക്ക്‌ തെളിവുകളുടെ പിൻബലമില്ലെന്ന്‌ വ്യക്തമാക്കി ഹൈക്കോടതി തള്ളിയിട്ടും സത്യം മറച്ചും പഴുതുകളന്വേഷിച്ചും ഒരുവിഭാഗം മാധ്യമങ്ങളും വ്യാജ പരാതിക്കാരും.


മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ കമ്പനിക്കെതിരെ രാഷ്‌ട്രീയ ലക്ഷ്യത്തോടെ കേന്ദ്രത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ തുടർച്ചയായി നൽകുന്ന പരാതികളെല്ലാം കോടതികളുടെ ചവറ്റുകുട്ടയിലാണ്‌ പതിക്കുന്നത്‌. എന്നാൽ ഹർജി കൊടുക്കുമ്പോഴും തള്ളുമ്പോഴും ഒട്ടും നാണമില്ലാതെ ചില മാധ്യമങ്ങൾ മുഖ്യമന്ത്രിയുടെയും മകളുടെയും ചിത്രങ്ങൾ കാണിച്ച്‌ വാർത്തയിലൂടെയും ചർച്ചകളിലൂടെയും അഭിരമിക്കുന്നു.


‘മുഖ്യമന്ത്രിക്കും മകൾക്കും ആശ്വാസം’ എന്നാണ്‌ പല മാധ്യമങ്ങളും എക്‌സാലോജിക്‌ വിധി റിപ്പോർട്ട്‌ ചെയ്‌തത്‌. എന്തോ തെറ്റ്‌ ചെയ്‌തിട്ടുണ്ട്‌, പക്ഷെ കോടതിവിധി ആശ്വാസമായെന്ന്‌ ധ്വനിപരത്തുന്ന ദുഷ്ടലാക്കോടെയുള്ള വാർത്ത. മുഖ്യമന്ത്രിയുടെ കുടുംബത്തെയും സിപിഐ എമ്മിനെയും കരിവാരിത്തേക്കാനും സംശയത്തിന്റെ നിഴലിൽ നിർത്താനുമാണ്‌ അഭ്യാസങ്ങളെല്ലാം.


ലാവ്‌ലിൻ കേസ്‌ മുതൽ തുടങ്ങിയ കരുതിക്കൂട്ടിയുള്ള ആക്രമണങ്ങളുടെയെല്ലാം പിന്നിൽ വ്യാജ തെളിവുകളും നുണനിർമാണ ഫാക്ടറികളുമാണുള്ളത്‌. കമല ഇന്റർനാഷണൽ കമ്പനി അത്‌ പ്രചരിപ്പിച്ചവർക്ക്‌ പോലും തമാശയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി ദുരുപയോഗം ചെയ്‌തെന്ന വ്യാജ ആരോപണങ്ങളും കോടതിയുടെ പടികടന്നില്ല. ലോക കേരളസഭയിൽ മുഖ്യമന്ത്രിക്ക്‌ ഒപ്പമിരിക്കാൻ 82 ലക്ഷം രൂപയുടെ ടിക്കറ്റ്‌ വിറ്റുവെന്ന്‌ പ്രചരിപ്പിച്ചവർ നാണംകെട്ടു. എഡിജിപി അജിത് കുമാറിനെ ഉപയോഗിച്ച് ആർഎസ്എസിനെ സ്വാധീനിക്കാൻ നീക്കം നടത്തിയെന്ന്‌ പറയുന്നവർക്കും മിണ്ടാട്ടമില്ല.

എഐ കാമറക്കെതിരെ പ്രതിപക്ഷം കൂട്ടത്തോടെ കോടതിയിൽ പോയെങ്കിലും ഹർജി പിൻവലിച്ച്‌ ഓടേണ്ട ഗതിയാണ്‌ വന്നത്‌. എന്നിട്ടും തോറ്റടങ്ങിയ കേസുകളെ പെട്ടിയിലടച്ച്‌ മാധ്യമങ്ങൾ ഏജൻസി പണി തുടർന്നുകൊണ്ടേയിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home