കേരളത്തിന്റെ വളർച്ചയ്‌ക്ക് ഉതകും ; സർക്കാരിനെ പിന്തുണച്ച് ബിഡിജെഎസ്
എഥനോൾ പ്ലാന്റ് ; കെട്ടുകഥകളുമായി മാധ്യമങ്ങളും

തിരുവനന്തപുരം : പാലക്കാട് എഥനോൾ പ്ലാന്റിന് പ്രാഥമിക അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ച ആരോപണങ്ങളൊന്നാകെ കടപുഴകി വീണതോടെ രക്ഷിക്കാൻ കെട്ടുകഥകളുമായി മാധ്യമങ്ങളും. എൽഡിഎഫിലെ പാർട്ടികളിൽ ഇല്ലാത്ത പൊട്ടിത്തെറിയും ചില മാധ്യമങ്ങൾ മെനഞ്ഞെടുക്കുന്നു. മന്ത്രിസഭയിലുള്ള ഒരു പാർട്ടിയും സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി നിലപാട് എടുത്തിട്ടില്ലെങ്കിലും പല പാർട്ടികളുടേയും പേരിൽ നുണക്കഥകൾപടയ്ക്കുകയാണ്.
ജനതാദൾ എസ്സുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് പറഞ്ഞു. നേതൃയോഗം ചേരുന്നതിന് മുൻപേ തന്നെ ചില അനുമാനങ്ങൾ പ്രചരിപ്പിക്കുകയും പിന്നീട് അതിനനുസരിച്ച് തീരുമാനമെടുത്തുവെന്നുമാണ് പ്രചരിപ്പിച്ചത്. പ്ലാച്ചിമടയിലേതിന് സമാനമായ സാഹചര്യമേയല്ല ഇപ്പോഴത്തെ വിഷയമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യാവസായിക ആവശ്യങ്ങൾക്ക് മലമ്പുഴ ഡാമിൽ നിന്ന് കിൻഫ്രയിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി തുടങ്ങിയതും പാലക്കാട് തന്നെയുള്ള മഴവെള്ള സംഭരണ സാധ്യതകളും മറച്ച് പദ്ധതിക്കെതിരായ വ്യാജപ്രചാരണങ്ങളാണ് ചില മാധ്യമങ്ങൾ നടത്തുന്നത്.
2018ൽ സ്പിരിറ്റ് നിർമാണത്തിന് അനുവദിച്ചപ്പോഴും സമാനമായ വ്യാജ ആരോപണങ്ങളും അഴിമതിയും ഉന്നയിച്ചെങ്കിലും ഒന്നുപോലും തെളിയിക്കാൻ പ്രതിപക്ഷത്തിനോ മാധ്യമങ്ങൾക്കോ കഴിഞ്ഞില്ല. സംസ്ഥാനത്താകെ ദുരിത സാഹചര്യമായതിനാൽ അന്ന് വിവാദത്തിനുപിന്നാലെ പോകാതെ തൽക്കാലത്തേക്ക് പിന്മാറിയെങ്കിലും പദ്ധതിയിൽനിന്ന് പിന്മാറില്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അന്ന് കാര്യങ്ങൾ വിശദീകരിച്ചിരുന്നു.
തീരുമാനത്തിൽനിന്ന് പിന്മാറിയിട്ടും പ്രതിപക്ഷവും മാധ്യമങ്ങളും വിവാദം കൊണ്ടാടാൻ ശ്രമിച്ചു. ജുഡീഷ്യൽ–-സിബിഐ അന്വേഷണ ആവശ്യം കോൺഗ്രസ് നേതാക്കൾ അന്നും മുന്നോട്ട് വച്ചിരുന്നു. പക്ഷെ, ജനം അതെല്ലാം തള്ളിയാണ് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിനെ പിന്തുണച്ചത്.
കേരളത്തിന്റെ വളർച്ചയ്‌ക്ക് ഉതകും ; സർക്കാരിനെ പിന്തുണച്ച് ബിഡിജെഎസ്
പാലക്കാട്ട് എഥനോൾ പ്ലാന്റ് സ്ഥാപിക്കുന്നതിൽ സംസ്ഥാന സർക്കാരിന് പിന്തുണയുമായി ബിഡിജെഎസ്. തൊഴിലില്ലായ്‌മയ്‌ക്കും സാമ്പത്തിക പിന്നോക്കാവസ്ഥയ്‌ക്കും വികസനമുരടിപ്പിനും പരിഹാരമാകുന്ന വ്യാവസായിക പദ്ധതിയാണിതെന്ന് ബിഡിജെഎസ് ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. പദ്ധതിക്കെതിരെ ബിജെപി സംസ്ഥാനനേതൃത്വം രംഗത്തുവന്നപ്പോഴാണ് എൻഡിഎ ഘടകകക്ഷിയുടെ അനുകൂല നിലപാട്.
മദ്യനിർമാണത്തിന് സ്പിരിറ്റ് ഉണ്ടാക്കി ഗുണനിലവാരം ഉറപ്പാക്കൽ, തൊഴിലവസരം സൃഷ്ടിക്കൽ, നികുതിവരുമാനം ഉയർത്തൽ തുടങ്ങിയ സർക്കാർ ലക്ഷ്യങ്ങൾ സ്വാഗതംചെയ്യുന്നു. നുറുങ്ങരി പുളിപ്പിച്ച് സ്‌പിരിറ്റ് ഉൽപ്പാദിപ്പിക്കുന്നത് കർഷകർക്ക് ഗുണകരമാകും.
ചേർത്തല മാക്‌ഡവൽ കമ്പനി പ്രവർത്തിച്ചിരുന്ന സ്ഥലത്ത് എഥനോൾ പ്ലാന്റ് സ്ഥാപിച്ചാൽ ജില്ലയ്‌ക്ക് പ്രയോജനപ്പെടുമെന്നും യോഗം അഭിപ്രായപ്പെട്ടു.
ജനതാദൾ എസ് എതിരല്ല
എലപ്പുള്ളി എഥനോൾ നിർമാണ പ്ലാന്റിന് ജനതാദൾ എസ് എതിരല്ലെന്നും ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ്. ബുധനാഴ്‌ച സംസ്ഥാന നേതൃയോഗം ചേരുന്നതിന് മുമ്പ് പാർടി നിലപാട് എന്ന പേരിൽ വാർത്ത പ്രചരിച്ചതിനുപിന്നിൽ ചില താൽപ്പര്യക്കാരുണ്ട്.
ഭൂഗർഭജലം എടുക്കാതെയും ജനങ്ങളുടെ കുടിവെള്ളത്തിനും ജലസേചനത്തിനും തടസമാകാതെയുമാണ് പ്ലാന്റ് സ്ഥാപിക്കുക. ഇക്കാര്യം നേതൃയോഗത്തിൽ മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു ടി തോമസ് പ്രസ്‌താവനയിൽ പറഞ്ഞു.









0 comments