മാതൃഭൂമിയുടേത് നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ വികൃതമുഖം
നെറികേടിന് മാതൃഭൂമിയുടെ പാദസേവ

തിരുവനന്തപുരം
മുണ്ടക്കൈ പുനരധിവാസത്തിലെ വാസ്‌തവം മറച്ചുവച്ച് ദുരന്തവാർഷികത്തിൽ വ്യാജപ്രചാരണവുമായി ഏതാനും മാധ്യമങ്ങൾ. ഒരുരൂപ പോലും സഹായിക്കാത്ത കേന്ദ്രസർക്കാരിനെയും എല്ലാവഴികളിലൂടെയും പുനരധിവാസത്തിനായി നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെയും ഒരുപോലെ അവതരിപ്പിച്ചാണ് മാതൃഭൂമി പത്രം സംഘപരിവാറിന് പാദസേവ ചെയ്തത്. കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്താതിരിക്കാനുള്ള ജാഗ്രതയിൽ സംസ്ഥാന സർക്കാരിനെതിരെ കള്ളങ്ങളുടെ ഘോഷയാത്രയുണ്ട്.
ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ലാത്ത വേഗത്തിലാണ് കേരളസർക്കാർ നടപടികൾ നീക്കിയത്. ദുരന്തത്തിന്റെ ആദ്യമണിക്കൂർ മുതൽ സംസ്ഥാന സർക്കാർ ചെയ്‌തതെല്ലാം സുതാര്യമായി പൊതുസമൂഹത്തിനു മുമ്പാകെയുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും നടപടികൾക്ക് യഥാസമയം നേതൃത്വം നൽകി. നാലു മന്ത്രിമാർ വയനാട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. രക്ഷാപ്രവർത്തനം അവസാനിപ്പിക്കുംമുമ്പുതന്നെ സംസ്ഥാനസർക്കാർ പുനരധിവാസത്തിനുള്ള നടപടികൾ തുടങ്ങിയിരുന്നു. മുഴുവൻ ദുരന്തബാധിതരെയും വാടകവീടുകളിലേക്ക് മാറ്റിത്താമസിപ്പിച്ചു. ഇപ്പോഴും അവരുടെ വാടക നൽകുന്നതും സംസ്ഥാന സർക്കാർ തന്നെ.
ദുരന്തത്തിനുശേഷം രക്ഷാപ്രവർത്തനത്തിനും പരിക്കേറ്റവരുടെ ചികിത്സയ്ക്കും സ്‌കൂൾ മാറ്റിസ്ഥാപിക്കുന്നതിലും വാടകവീടുകൾ അന്വേഷിച്ചുകണ്ടെത്തി താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിലുമായിരുന്നു സർക്കാരിന്റെ ശ്രദ്ധമുഴുവൻ. മാനസികമായി തളർന്നവരെ ചേർത്തുപിടിച്ച് തിരിച്ചെത്തിക്കാനുള്ള കൗൺസലിങ്ങും നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ തിരിച്ചുനൽകാനുള്ള ക്യാമ്പുകളും സംഘടിപ്പിക്കുന്നതിലും അധികൃതർ കൃത്യമായി ഇടപെട്ടു.
ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവരെ ഒരുമാസത്തിനകം താൽക്കാലികമായി പുനരധിവസിപ്പിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ആഗസ്‌ത് 24നകം മുഴുവൻ പേർക്കും വാടകവീടൊരുക്കി. ബന്ധുവീടുകളിലേക്ക് മാറിയവർക്കും വാടകവീട് എന്ന് കണക്കുകൂട്ടി 6000 രൂപ വീതം മുടങ്ങാതെ മാസവാടക നൽകുന്നു. സംസ്ഥാനസർക്കാരും ഒന്നുംചെയ്‌തില്ലെന്ന പ്രചാരവേലയിലൂടെ കേന്ദ്രസർക്കാരിനെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുന്ന മാതൃഭൂമി നെറികെട്ട മാധ്യമപ്രവർത്തനത്തിന്റെ വികൃതമുഖമാണ് കാട്ടിയത്. കുറച്ചുദിവസംമുമ്പ് മാതൃഭൂമി ദുരന്തബാധിതർക്കിടയിൽ നടത്തിയ സർവേയിൽ 55.2 ശതമാനം പേരും പരിപൂർണ തൃപ്തരാണെന്നും 22 ശതമാനം പേർ കുഴപ്പമൊന്നുമില്ലെന്നും രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ വികൃതരൂപകൽപ്പനയെ സ്വയം തുറന്നുകാട്ടുന്നതാണ് സ്വന്തം സർവേഫലം.









0 comments