ഡിജിറ്റൽ വിസി ; പച്ചക്കള്ളവുമായി മാതൃഭൂമി

തിരുവനന്തപുരം
ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലര്‍ നിയമനവുമായി ബന്ധപ്പെട്ട സർവകലാശാല നിയമത്തിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സിനെതിരെ ഇല്ലാക്കഥയുമായി മാതൃഭൂമി. സംസ്ഥാന ഫണ്ടിൽ പ്രവർത്തിക്കുന്ന സർവകലാശാലയിൽ സർക്കാരിന് ഒരധികാരവുമില്ലെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പത്രത്തിന്റെ നീക്കം. ഉന്നത വിദ്യാഭ്യാസ മേഖല തകർക്കാൻ ശ്രമിക്കുന്ന ആർഎസ്‌എസ് പദ്ധതിക്ക് കീഴടങ്ങണമെന്ന് ധ്വനിപ്പിക്കുന്ന വിടുവേലയാണ് വാർത്ത. ഗവര്‍ണറെന്ന പരാമര്‍ശം പോലും നിയമത്തിലോ കരട് ഓര്‍ഡിനന്‍സിലോ യുജിസി ചട്ടത്തിലോ ഇല്ലെന്നിരിക്കെയാണ് ‘ഗവര്‍ണറെ വെട്ടി’ എന്ന് പറയുന്നത്. 2018ലെ യുജിസി ചട്ടങ്ങൾക്കും കോടതി ഉത്തരവുകൾക്കും അനുസൃതമായാണ് ചില വകുപ്പുകൾ ഭേദഗതി ചെയ്യുന്നത്. ഉപവകുപ്പ് മൂന്ന് പ്രകാരം അഞ്ചംഗ സെർച്ച് കമ്മിറ്റി രൂപീകരിച്ച്, ചീഫ് സെക്രട്ടറിയെ കൺവീനറാക്കണം.
യുജിസി റെഗുലേഷനും സുപ്രീം കോടതിയുടെ സമീപകാല വിധികളും കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയെ കൺവീനറാക്കുന്നത് ഭേദഗതി ചെയ്യും. സെലക്ട് കമ്മിറ്റിയിൽ മൂന്നു മുതൽ അഞ്ചംഗങ്ങളെന്ന് യുജിസി നിഷ്‌കർഷിക്കുന്നു. സെലക്ഷന് കമ്മിറ്റി നൽകുന്ന പാനലില്‍ നിന്ന് വിസിയെ നിയമിക്കണമെന്ന യുജിസി നിർദേശം ഉറപ്പാക്കും. 61 വയസില്‍ കൂടുതലുള്ളവരെ നിയമിക്കരുതെന്നും നിയമനത്തിന് ശേഷം ഉപാധികളോടെ നാല് വര്‍ഷത്തേക്കോ, 65 വയസുവരെയോ ചുമതല നിര്‍വഹിക്കാമെന്നുമാണ് ഇപ്പോഴുള്ള നിയമം. 65 വയസുവരെ നിയമനം നടത്താമെന്ന് യുജിസി നിര്‍ദേശിച്ച സാഹചര്യത്തിൽ അതംഗീകരിക്കലും ഭേദഗതിയുടെ ലക്ഷ്യമാണ്.
രാജ്യത്തെ നിയമങ്ങൾക്കും നിർദേശങ്ങൾക്കും അനുസരിച്ച് കാലാകാലങ്ങളിൽ വരുത്താറുള്ള ഇത്തരം ഭേദഗതികൾ ആരെയെങ്കിലും വെട്ടാനുള്ളതാണെന്ന ദുർവ്യാഖ്യാനങ്ങൾക്ക് പിന്നിൽ പ്രത്യേക താൽപ്പര്യം മാത്രമാണ്. സംസ്ഥാന സർക്കാരിൽ നിക്ഷിപ്തമായ ഇത്തരം അധികാരങ്ങൾ ഉപയോഗിച്ചുകൂടായെന്ന തരത്തിലുള്ള വാദം ആർക്കുവേണ്ടിയുള്ള വക്കാലത്താണെന്ന് വ്യക്തമാണ്.









0 comments