മാറനല്ലൂർ ഇരട്ട കൊലക്കേസ്: പ്രതി അരുൺരാജിന് ജീവപര്യന്തം

തിരുവനന്തപുരം: മാറനല്ലൂർ ഇരട്ട കൊലക്കേസിൽ പ്രതി പ്രകാശ് എന്ന് വിളിക്കുന്ന അരുൺരാജിന് ജീവപര്യന്തം തടവ്. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. മാറനല്ലൂർ സ്വദേശി സജീഷ്, സന്തോഷ് എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചത്.
25 വർഷം വരെ പരോൾ അനുവദിക്കരുതെന്നും കോടതി ഉത്തരവിട്ടു.
തടവ് ശിക്ഷ കൂടാതെ 50000 പിഴയും ഒടുക്കണം. നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി ജഡ്ജി എ എം ബഷീർ ആണ് വിധി പ്രസ്ഥാവിച്ചത്.
2021 ആഗത് 14നാണ് കേസിന് ആസ്പദമായ സംഭവം. മൂലക്കോണം കുക്കിരിപ്പാറ ക്വാറിയിൽ പാറ പൊട്ടിക്കുന്നത് സംബന്ധിച്ച് സന്തോഷും സജീഷും അരുണും തമ്മിൽ ഉണ്ടായ വിരോധമാണ് കൊല പാതകത്തിൽ കലാശിച്ചത്. പാറക്വാറിയുടെ നടത്തിപ്പ് കാരനായിരുന്നു കൊല്ലപെട്ട ചപ്പാത്തി സന്തോഷ്. പാറമട തൊഴിലാളിയും സന്തോഷിന്റെ സുഹൃത്തുമായിരുന്നു ഒപ്പം കൊല്ലപെട്ട പക്രു സജീഷ്. പ്രതിയും മറ്റു ചിലരും ചേർന്ന് പാറപൊട്ടിക്കുന്നത് സംബന്ധിച്ച് മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരുന്നു. അതിൽ പ്രകോപിതനായ സന്തോഷ് പ്രതി അരുൺ രാജിനെ മർദിച്ചു. അതിലുള്ള വിരോധമാണ് ഇരട്ട കൊലയിൽ അവസാനിച്ചത് എന്നാണ് പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട സന്തോഷ്, സജീഷ്
അന്നേ ദിവസം രാത്രി 11.45നാണ് കൃത്യം നടന്നത്. രാത്രി സന്തോഷിന്റെ വീട്ടിൽ മദ്യപാന സൽക്കാരത്തിൽ പ്രതിയും പങ്കെടുത്തിരുന്നു. കൂട്ടുകാർ പിരിഞ്ഞ ശേഷം സന്തോഷിന്റെ വീട്ടു മുറ്റത്തു ഉണ്ടായിരുന്ന പാറ തുരക്കാനുള്ള ജാക്ക് ഹാമറിൽ ഉപയോഗിക്കുന്ന കമ്പി കൊണ്ട് അരുൺ ആദ്യം സജീഷിന്റെ തലയ്ക്കു പുറകിൽ അടിച്ചു വീഴ്ത്തി. തുടർന്ന് സന്തോഷിനേയും അടിച്ച് വീഴ്ത്തി.
എഴുന്നേൽക്കാൻ ശ്രമിച്ച സന്തോഷിനെ വടി വാള് കൊണ്ട് പുറം കഴുത്തിനു വെട്ടി. സന്തോഷ് സംഭവ സ്ഥലത്ത തന്നെ മരിച്ചു. അടികൊണ്ട് സന്തോഷിനും സജീഷിനും മാരകമായി പരിക്കേറ്റിരുന്നു. മരണം ഉറപ്പാക്കിയ പ്രതി കൃത്യത്തിനു ശേഷം പുലർച്ചെ ആഗസ്ത് 15ന് മാറനല്ലൂർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. അരുൺ തന്റെ കൈവശം വടി വാള് കരുതിയ വിവരം മദ്യപാനത്തിനിടെ ആരും ശ്രദ്ധിച്ചിരുന്നില്ല.
കേസിന്റെ വാദം പൂർത്തിയാക്കി കഴിഞ്ഞ ദിവസം അരുൺ രാജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശ്ശാല എ അജികുമാർ, അഡ്വ മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.









0 comments