24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം 
ആരംഭിച്ചു , മത്സ്യത്തൊഴിലാളികൾക്ക്‌ സൗജന്യ റേഷൻ

ട്രോളിങ് നിരോധനം 52 ദിവസം ; നിയന്ത്രണം ഇന്ന്‌ അർധരാത്രിമുതൽ

trolling ban

ട്രോളിങ്‌ നിരോധനത്തോടെ നാട്ടിലേക്ക് മടങ്ങുംമുമ്പ്‌, തുരുമ്പെടുക്കാതിരിക്കാൻ വൈപ്പിൻ കാളമുക്ക് ഹാർബറിൽ 
ബോർഡ് പെയിന്റ് ചെയ്യുന്ന ബോട്ട്‌ ജീവനക്കാർ / ഫോട്ടോ: സുനോജ് നെെനാൻ മാത്യു

വെബ് ഡെസ്ക്

Published on Jun 09, 2025, 02:11 AM | 1 min read


കൊച്ചി

സംസ്ഥാനത്ത്‌ മൺസൂൺകാല ട്രോളിങ്‌ നിരോധനം തിങ്കൾ അർധരാത്രിമുതൽ നിലവിൽവരും. 52 ദിവസത്തെ നിരോധനം ജൂലൈ 31ന്‌ രാത്രി 12ന്‌ അവസാനിക്കും. ട്രോളിങ് നിരോധനത്തിന്റെ ഭാഗമായി എല്ലാ ജില്ലയിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. ജില്ലയിൽ വൈപ്പിനിലാണ്‌ കൺട്രോൾ റൂം. ട്രോളിങ് നിരോധനസമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പട്രോളിങ്ങിനുമായി രണ്ട്‌ സ്വകാര്യ ബോട്ടുകളും മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും. തീരരക്ഷാസേനയുടെ കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തിനും പട്രോളിങ്ങിനുമായി രംഗത്തുണ്ടാകും.


വൈപ്പിൻ കേന്ദ്രീകരിച്ച് മറൈൻ ആംബുലൻസ് പ്രവർത്തിക്കും. തീരം വിടണമെന്ന കലക്ടർമാരുടെ നിർദേശം ലഭിച്ചതിനെ തുടർന്ന് ഇതരസംസ്ഥാന മീൻപിടിത്ത ബോട്ടുകൾ ഞായറാഴ്‌ചതന്നെ മടങ്ങി. ഹാർബറുകളിലും ഫിഷ് ലാൻഡിങ് സെന്ററുകളിലും പ്രവർത്തിക്കുന്ന മുഴുവൻ സ്വകാര്യ ഡീസൽ ബങ്കുകളും തിങ്കളാഴ്‌ച പ്രവർത്തനം നിർത്തും. അതേസമയം, ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ മത്സ്യഫെഡിന്റെ തെരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും.


ട്രോളിങ് നിരോധനംമൂലം തൊഴിൽ നഷ്ടപ്പെടുന്ന യന്ത്രവൽക്കൃത മീൻപിടിത്ത യാനങ്ങളിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും പീലിങ് തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നു. ചെറുവള്ളങ്ങളിലും ഇൻബോർഡ് വള്ളത്തിലും മീൻപിടിത്തം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾക്ക് ട്രോളിങ് നിരോധനസമയത്തും കടലിൽ പോകാം. നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. നിരോധനകാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വള്ളമേ അനുവദിക്കൂ.



deshabhimani section

Related News

View More
0 comments
Sort by

Home