ട്രോളിങ് നിരോധനം നാളെ അവസാനിക്കും

തിരുവനന്തപുരം
ട്രോളിങ് നിരോധനം വ്യാഴാഴ്‌ച അർധരാത്രിയോടെ അവസാനിക്കുന്നു. 52 ദിവസത്തെ ഇടവേളയ്‌ക്കുശേഷം കടലിൽ പോകുമ്പോൾ വലനിറയെ മീൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മത്സ്യത്തൊഴിലാളികൾ. ജൂൺ 10നാണ് ട്രോളിങ് നിരോധനം തുടങ്ങിയത്. പുതിയ വലയൊരുക്കിയും പഴയത് നന്നാക്കിയും ബോട്ടുകൾ പെയിന്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും തയ്യാറെടുത്തുകഴിഞ്ഞു. കടലിൽ ചാകരക്കോള് ഉണ്ടാകാനിടയുണ്ടെന്ന് തൊഴിലാളികൾ പറയുന്നു.
3754 ട്രോളിങ് ബോട്ടുകളാണ് കേരളത്തിൽ രജിസ്‌റ്റർ ചെയ്തിട്ടുള്ളത്. ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള പണിക്കാരും ഹാർബറുകളിലെത്തിത്തുടങ്ങി. ട്രോളിങ് നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സംസ്ഥാനസർക്കാർ സൗജന്യ റേഷൻ അനുവദിച്ചിരുന്നു. സമ്പാദ്യ സമാശ്വാസ പദ്ധതിവഴി സഹായധനവും വിതരണംചെയ്തു. മെയ് 18 മുതൽ 31 വരെ 14 ദിവസത്തെ തൊഴിൽനഷ്ടത്തിന് ദിവസം 200 രൂപ നിരക്കിൽ തുക അനുവദിക്കാൻ നടപടി പുരോഗമിക്കുന്നു.









0 comments