ട്രോളിങ് നിരോധനം നീങ്ങാൻ ഒരാഴ്‌ച ; പ്രതീക്ഷയുടെ കടൽക്കരയിൽ മത്സ്യമേഖല

ചെല്ലാനം പ്രദേശത്ത് വലയൊരുക്കുന്ന തൊഴിലാളികൾ
കൊച്ചി
നീണ്ട ഇടവേളയ്‌ക്കുശേഷം വല നിറയ്‌ക്കാൻ ഒരുങ്ങുകയാണവർ. ട്രോളിങ് നിരോധനം അവസാനിക്കാൻ ഒരാഴ്‌ച മാത്രം ശേഷിക്കെ, വലയും ബോട്ടുകളും ഒരുക്കി കടലിൽ പോകാനുള്ള മുന്നൊരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. സർക്കാരിന്റെ സഹായവും സൗജന്യ റേഷനും മറ്റാനുകൂല്യങ്ങളുമായിരുന്നു ട്രോളിങ് നിരോധന കാലത്തെ പ്രധാന ആശ്രയം. നിരോധനം ജൂലൈ 31ന് പിൻവലിക്കുന്നതോടെ കടലിൽനിന്ന് പൊന്നുവാരാനുള്ള തയ്യാറെടുപ്പിലാണ് തൊഴിലാളികൾ.
ജൂൺ 10നാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്തിയത്. ജില്ലയിലെ 600 ബോട്ടുകളും ഇതരസംസ്ഥാനത്തുനിന്നുള്ള ലൈസൻസ് നേടിയ 150 ബോട്ടുകളും അടക്കം 750 ബോട്ടുകൾക്കാണ് 52 ദിവസം നിരോധനം ബാധകമായത്. തൊഴിലാളികളും ബോട്ടുടമകളും വലയും ബോട്ടും ഒരുക്കുന്നതിന്റെ തിരക്കിലാണ്. കരയ്‌ക്കുകയറ്റിയിട്ട ബോട്ടുകൾ എൻജിൻ പണി പൂർത്തീകരിച്ച് വൃത്തിയാക്കുന്നതും പുരോഗമിക്കുന്നു. നിരോധനകാലത്ത് സ്വന്തം നാടുകളിലേക്ക് മടങ്ങിയ ഇതരസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിത്തുടങ്ങി.
മീൻക്ഷാമം തീരും
ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ മീൻവില കുതിച്ചുയർന്നിരുന്നു. മത്തി കിലോയ്‌ക്ക് 350 മുതൽ 450 രൂപവരെയായി. പല ഇനങ്ങളും മാർക്കറ്റിൽ കിട്ടാതായി. ചെറുമീനുകൾക്കും നെയ്‌മീൻ, ആവോലി, കാളാഞ്ചി, അമൂർ ഉൾപ്പെടെയുള്ള മുന്തിയ മീനുകൾക്ക് പൊന്നുംവിലയായി. ട്രോളിങ് കഴിയുന്നതോടെ വില താഴും.
ആശ്വാസമായി സർക്കാർസഹായം
സർക്കാരിന്റെ സമ്പാദ്യ സമാശ്വാസ പദ്ധതിവഴി 1500 രൂപവീതം ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടി ലെത്തി. കപ്പലപകടത്തെ തുടർന്ന് ദുരിതത്തിലായ തൊഴിലാളികൾക്ക് 1000 രൂപ വേറെയും ലഭിച്ചു. സൗജന്യ റേഷൻ വിതരണവും മുടങ്ങാതെ നടന്നു.









0 comments