അതിവേഗപാത ; സ്വന്തം വാർത്ത വിഴുങ്ങി സർക്കാരിനെതിരെ

തിരുവനന്തപുരം
സിൽവർലൈൻ പാതയ്‌ക്കെതിരെ സകല ആയുധവുമെടുത്ത് പോരാടിയ യുഡിഎഫ് പത്രം, അതിവേഗ പാത ഉടൻ വേണമെന്നും സംസ്ഥാന സർക്കാർ തീരുമാനിക്കാത്തതാണ് പ്രശ്നമെന്നുമുള്ള പുതിയ കണ്ടുപിടുത്തവുമായി രംഗത്ത്. റെയിൽപദ്ധതിക്ക് അനുമതി നൽകുന്നത് കേന്ദ്രസർക്കാരാണെന്ന വസ്തുത മറച്ചുവച്ചാണ് പത്രത്തിന്റെ വ്യാജവാർത്ത. ആഴ്‌ചകൾക്ക് മുൻപ് കൊടുത്ത, ‘ശ്രീധരന്റെ പദ്ധതിയും കേന്ദ്രം തടഞ്ഞു ’ എന്ന സ്വന്തം വാർത്തയാണ് പത്രം വിഴുങ്ങിയത്.
പദ്ധതി താമസിച്ചാൽ ഓരോ വർഷം നിർമാണ ചെലവ് അഞ്ചുശതമാനംവച്ച് കൂടുമെന്നാണ് മുതലക്കണ്ണീർ. സിൽവർലൈനിനായി ഡിപിആർ സമർപ്പിച്ചപ്പോൾ ഓരോകാരണങ്ങൾ പറഞ്ഞ് കേന്ദ്രം നീട്ടി. ഒടുവിൽ ചരക്ക് വണ്ടികൾക്ക് പോകാൻ ബ്രോഡ്‌ഗേജിലേക്ക് മാറ്റണമെന്നായി. അതോടെ പദ്ധതിയുടെ ലക്ഷ്യംതന്നെ മാറി.
അതിവേഗ പാത എല്ലായിടത്തും സ്‌റ്റാൻഡേർഡ് ഗേജിലാണെന്നിരിക്കെ, കേരളത്തിൽ മാത്രം ബ്രോഡ്‌ഗേജ് എന്ന വാദം പദ്ധതി മുടക്കാനായാണെന്ന് വ്യക്തം. ഇ ശ്രീധരൻ സമർപ്പിച്ച തിരുവനന്തപുരം–കണ്ണൂർ ഹൈസ്‌പീഡ് പദ്ധതിയും സ്റ്റാൻഡേർഡ് ഗേജാണ്.
സിൽവർലൈൻ ചർച്ച
കേരളത്തിലെ യാത്രാ ദുരിതമനുഭവിക്കുന്ന മുഴുവൻപേരും ആവശ്യപ്പെടുന്നതാണ് അതിവേഗ പാത. സിൽവർലൈനിനെ എതിർത്തവരും അതിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ മൂന്നും നാലും പാതകൾ ഉള്ളപ്പോഴാണ് ഇവിടെ മൂന്നാം പാതപോലും അനുവദിക്കാതിരിക്കുന്നത്.കാസർകോടുനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാസമയം 12 മണിക്കൂറിൽനിന്ന് നാല് മണിക്കൂറാക്കുന്ന പദ്ധതിയാണ് സിൽവർലൈൻ. 11 സ്‌റ്റോപ്പുകളാണ് വിഭാവനം ചെയ്തത്. കൊല്ലം –- 24 മിനിറ്റ്, കോട്ടയം ഒരു മണിക്കൂർ, കൊച്ചി –-1. 26, തൃശൂർ–-1.54, കോഴിക്കോട്–- 2.37, കണ്ണൂർ –-3.16 മണിക്കൂർ എന്നിങ്ങനെയാണ് യാത്രാസമയം. വന്ദേഭാരത് എടുക്കുന്നത് എട്ട്‌മണിക്കൂറാണ്. ടിക്കറ്റ് നിരക്കും കൂടുതലുമാണ്.









0 comments