പിഎസ്‍സി നിയമനം
വ്യാജ വാർത്ത ; മനോരമയ്‌ക്ക് ട്രൈബ്യൂണലിന്റെ താക്കീത്

എസ് കിരൺബാബു
Published on Jun 19, 2025, 02:00 AM | 1 min read
തിരുവനന്തപുരം
കേരള പിഎസ്‍സിയെയും അതിലൂടെ സംസ്ഥാന സർക്കാരിനെയും താറടിച്ച് കാട്ടാനുള്ള വ്യഗ്രതയിൽ നിരന്തരം വ്യാജ വാർത്ത നൽകുന്ന മലയാള മനോരമയ്‌ക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ താക്കീത്. ജൂൺ 12ലെ മനോരമ പത്രത്തിലും ഓൺലൈൻ എഡിഷനിലും നൽകിയ ‘പിൻവാതിലിലൂടെ കുതിരകയറണ്ട’ എന്ന വാർത്തയ്‌ക്കെതിരെയാണ് ട്രൈബ്യൂണലിന്റെ നടപടി.
ട്രൈബ്യൂണൽ ഉത്തരവിൽ പറയാത്തകാര്യം വാർത്തയിൽ ഉൾപ്പെടുത്തി തെറ്റിദ്ധാരണ പരത്തിയത് അതീവ ഗുരുതരമായ കോടതി അലക്ഷ്യമാണ്. ഇതു തിരുത്തി വാർത്ത നൽകണമെന്നും കഴിഞ്ഞ 15ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിട്ടു. പിഎസ്‍സി കഴിഞ്ഞ ഏപ്രിലിൽ ആദ്യമായി നടത്തിയ അശ്വാരൂഢസേനയിലെ കോൺസ്‌റ്റബിൾ നിയമനത്തിനുള്ള പ്രായോഗിക പരീക്ഷയിൽ പരാജയപ്പെട്ട പൂവാർ സ്വദേശി എ എസ് അഭിമന്യു ട്രൈബ്യൂണലിനെ സമീപിച്ചതുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് പത്രത്തിന്റെ വ്യാജ വാർത്ത. പ്രായോഗിക പരീക്ഷയ്‌ക്കിടെ വിശന്നുവലഞ്ഞ കുതിര ഭക്ഷണംതേടി ദിശമാറി പോയതുകൊണ്ടാണ് പരീക്ഷയിൽ തോറ്റതെന്നും നിയമനത്തിൽ തിരിമറി നടത്താൻ ശ്രമമുണ്ടായെന്നുമായിരുന്നു അഭിമന്യുവിന്റെ പരാതി. ഇക്കാര്യം പരിശോധിച്ച ട്രൈബ്യൂണൽ തസ്‌തികയുടെ നിയമന നടപടികൾ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ഇടക്കാല ഉത്തരവിട്ടു. ഏത് തസ്‌തികയിലേക്കും സെലക്ഷൻ പ്രക്രിയ നടക്കുന്ന ഘട്ടത്തിലും ഉദ്യോഗാർഥികൾ പരാതിയുമായി കോടതിയെ സമീപിച്ചാൽ സാധാരണയായി പുറപ്പെടുവിക്കുന്ന വിധിയാണിത്. ഇതിനെയാണ് മനോരമ വക്രീകരിച്ചത്.









0 comments